ബെയ്ജിങ് : കോവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്, വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ ഒരു കോടിയിലേറെ വരുന്ന ജനങ്ങളെ മുഴുവന്‍ പത്തു ദിവസം കൊണ്ടു പരിശോധനയ്ക്കു വിധേയമാക്കാനുള്ള പദ്ധതിയുമായി ഭരണകൂടം.
പത്തു ദിവസത്തിനുള്ളില്‍ 11 ദശലക്ഷം ആളുകളെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ വുഹാനിലെ എല്ലാ ജില്ലകളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച വുഹാനില്‍ പുതിയ ആറു കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ മൂന്നിനു ശേഷം ഇവിടെ ആര്‍ക്കും രോഗം ബാധിച്ചിരുന്നില്ല. 11 ആഴ്ചത്തെ കര്‍ശന ലോക്ഡൗണിനു ശേഷം ഏപ്രില്‍ എട്ടിനാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.
സ്‌കൂളുകള്‍ തുറക്കുകയും വ്യവസായങ്ങള്‍ ആരംഭിക്കുകയും പൊതുഗതാഗതം പുനരാരംഭിക്കുകയും ചെയ്തതോടെ ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലേക്കു മടങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഒരു പാര്‍പ്പിട സമുച്ചയത്തില്‍ ആറു കോവിഡ് കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അധികൃതര്‍ ആശങ്കയിലാണ്.
ഇതേ തുടര്‍ന്നാണ് എല്ലാവരെയും പരിശോധിക്കാനുള്ള പദ്ധതി തയാറാക്കുന്നതെന്നു പ്രമുഖ ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്കുള്ളില്‍ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജില്ലകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആളുകള്‍ കൂട്ടത്തോടെ കഴിയുന്ന സ്ഥലങ്ങള്‍ക്കും പ്രായമായവര്‍ക്കുമായിരിക്കും പരിശോധനകളില്‍ മുന്‍ഗണന.
ചെലവേറിയ പദ്ധതിയാണിതെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗവ്യാപന സാധ്യതയുളളവരെ മാത്രം പരിശോധിക്കുകയാവും നല്ലതെന്നും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ വുഹാനിലെ ഭൂരിപക്ഷം പേരെയും പരിശോധിച്ചതാണെന്നും ബാക്കിയുള്ളവരെ പത്തു ദിവസത്തിനുള്ളില്‍ പരിശോധിക്കുക അസാധ്യമല്ലെന്നുമാണ് അധികൃതരുടെ വിലയിരുത്തല്‍. വൈറസിന്റെ പ്രഭവകേന്ദ്രത്തില്‍ വീണ്ടും രോഗവ്യാപനമുണ്ടാകുന്നത് ഏതുവിധേനയും തടയാനാണ് ചൈന ലക്ഷ്യമിടുന്നത്.