കുടുങ്ങികിടക്കുന്ന പ്രവാസികള്‍ക്ക് സഹായവുമായി മമ്മൂട്ടിയും സംഘവും, ഒന്നരക്കോടിയുടെ പദ്ധതിയില്‍ ആദ്യ ഘട്ടം 1000 പേര്‍ക്ക് വിമാനടിക്കറ്റ്

കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് സഹായവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. തൊഴില്‍നഷ്ടവും വിസാപ്രശ്‌നവും അടക്കം പ്രതിസന്ധികളില്‍ കുടുങ്ങി വിമാനടിക്കറ്റിന് പോലും മാര്‍ഗ്ഗമില്ലാതെ നാട്ടിലേക്ക് പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷയയി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെയും സംഘത്തിന്റെയും പ്രവര്‍ത്തനം. നാട്ടിലെത്താന്‍ പണമില്ലാതെ വലയുന്നവരെ ലക്ഷ്യമിട്ട് സൗജന്യ വിമാനടിക്കറ്റുമായി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവാസി വ്യവസായികളും ബിസിനസുകാരും ഉള്‍പ്പെടെയുള്ള ഒരുകൂട്ടം സഹായവുമായി എത്തിയിരിക്കുന്നത്.

മിഷന്റെ ആദ്യഘട്ടമായി 1000 പേരിലേക്ക് സൗജന്യ ടിക്കറ്റ് നല്‍കുമെന്ന് കൈരളി ടിവി മാനേജിംഗ് ഡയറക്ടറും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് പറയുന്നു. ഇതിനൊപ്പം പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ഉപയോഗിക്കാനുള്ള സാധ്യതയും തേടുന്നുണ്ട്. പദ്ധതി വിവിധ മേഖലകളില്‍ വലിയ ആകാംഷയ്ക്കും പിന്തുണയ്ക്കും കാരണമായിട്ടുണ്ടെന്നും ജിസിസിയിലെ വിവിധ വ്യവസായ സ്ഥാപനങ്ങളും അനേകം ബിസിനസുകാരും ടിക്കറ്റിന് പണം വാഗ്ദാനം ചെയ്തു രംഗത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മിഷന്റെ മുഖ്യ രക്ഷാധികാരിയാണ് മമ്മൂട്ടി. താരത്തിന് കീഴില്‍ അനേകം വിദേശ മലയാളികള്‍ കൈകോര്‍ക്കുന്നുണ്ട്. 15,000 രൂപയോളം വരും ടിക്കറ്റ് ചാര്‍ജ്ജ്. ഈ രീതിയില്‍ ഏകദേശം ഒന്നരക്കോടി രൂപയോളം ചെലവഴിക്കുന്നതാണ് പരിപാടി. പ്രവാസി മലയാളി ക്ഷേമ വിഭാഗമായ നോര്‍ക്കാ റൂട്ടിലെ ഒരു ഡയറക്ടറായ ഒ വി മുസ്തഫ, യുഎഇ യിലെ വ്യവസായി വി കെ അഷ്‌റഫ്, കൈരളി ടിവി മദ്ധ്യേഷ്യ തലവന്‍ ഇ എം അഷ്‌റഫ്, എന്നിവരായിരിക്കും പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാര്‍. എസ് രമേശ്, മൊഹമ്മദ് ഫയാസ് എന്നിവര്‍ കണ്‍വീനര്‍മാരുമായിരിക്കുകം്

ആഗോളമായി പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പരിപാടിയായ ‘വന്ദേ ഭാരത് മിഷനില്‍’ 64 വിമാനങ്ങളില്‍ എയര്‍ഇന്ത്യാ എക്‌സ്പ്രസിന്റെ എട്ടു വിമാനങ്ങളാണ് ഗള്‍ഫിലേക്കും തിരിച്ച് കേരളത്തിലേക്കും പറന്നത്. വിമാനടിക്കറ്റ് ചാര്‍ജ്ജ് പ്രവാസികള്‍ തന്നെ മുടക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുത്തതോടെ അനേകരാണ് പണമില്ലാതെ കുടുങ്ങിപ്പോയത്.

Similar Articles

Comments

Advertismentspot_img

Most Popular