ടിക് ടോക്ക് കണ്ട് വാര്‍ണറെ സിനിമയിലെടുത്തു..പോക്കിരി ചിത്രത്തിന്റെ സംവിധായകനാണ് താരത്തെ അഭിനന്ദിച്ച് സിനിമയിലേക്കു ക്ഷണിച്ചത്

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണില്‍ കുരുങ്ങിയതോടെ സമയം കളയാന്‍ വഴിതേടി ടിക് ടോക്കില്‍ സജീവമായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറിനെ സിനിമയിലേക്ക് ക്ഷണിച്ച് തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ പുരി ജഗന്നാഥ്. അദ്ദേഹം സംവിധാനം ചെയ്ത പോക്കിരി എന്ന തെലുങ്കു ചിത്രത്തിലെ പ്രശസ്തമായ ഡയലോഗിനു ചുണ്ടു ചലിപ്പിക്കുന്ന ഒരു ടിക് ടോക് വിഡിയോ വാര്‍ണര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതു കണ്ടാണ് പുരി ജഗന്നാഥ് വാര്‍ണറിനെ അഭിനന്ദിച്ച് സിനിമയിലേക്കു ക്ഷണിച്ചത്. തന്റെ ഏതെങ്കിലും ഒരു ചിത്രത്തില്‍ കാമിയോ റോളില്‍ പ്രത്യക്ഷപ്പെടണമെന്നാണ് അദ്ദേഹം വാര്‍ണറിനോട് ആവശ്യപ്പെട്ടത്.

സിനിമ ഏതാണെന്ന് ഊഹിക്കൂ’ എന്ന ക്യാപ്ഷനോടെയാണ് വാര്‍ണര്‍ പോക്കിരിയിലെ വിഖ്യാത ഡയലോഗിന് ചുണ്ടുചലിപ്പിച്ചത്. തന്റെ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജഴ്‌സിയണിഞ്ഞ് ബാറ്റ് ക്യാമറയിലേക്കു ചൂണ്ടിയായിരുന്നു വാര്‍ണറിന്റെ പഞ്ച് ഡയലോഗ്. ഈ ഡയലോഗ് ശ്രമിച്ചു നോക്കാന്‍ ആരാധകരെ ആഹ്വാനവും ചെയ്തു.

എന്തായാലും ഈ ഡയലോഗ് അഭ്രപാളിയില്‍ ആവിഷ്‌കരിച്ച സംവിധായകന്‍ തന്നെ വാര്‍ണറിന്റെ ശ്രമത്തിന് കയ്യടിച്ചിരിക്കുന്നു. ട്വിറ്ററിലൂടെയാണ് പുരി ജഗന്നാഥിന്റെ അഭിനന്ദനം.

ഡേവിഡ്, ഇതു നിങ്ങളാണെന്നേ തോന്നൂ. തന്റേടവും കരുത്തും ആവോളം. ഈ ഡയലോഗ് താങ്കള്‍ക്ക് വളരെയധികം ചേരുന്നുണ്ട്. അഭിനേതാവെന്ന നിലയിലും നിങ്ങള്‍ കഴിവു തെളിയിച്ചിരിക്കുന്നു. എന്റെ ഒരു സിനിമയില്‍ കാമിയോ റോളില്‍ പ്രത്യക്ഷപ്പെടുമെന്നു കരുതുന്നു. ഇഷ്ടം!’ – പുരി ജഗന്നാഥ് കുറിച്ചു. ഇതിനു നന്ദി പറഞ്ഞ് വാര്‍ണര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ലോക്ഡൗണില്‍ അകപ്പെട്ടതു മുതല്‍ ടിക് ടോക്കില്‍ സജീവമാണ് വാര്‍ണറും കുടുംബവും. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കേരളത്തില്‍ ഉള്‍പ്പെടെ വന്‍ തരംഗമായി മാറിയ ‘ബുട്ട ബൊമ്മ’ എന്നു തുടങ്ങുന്ന തെലുങ്കുഗാനത്തിന് ചുവടുവച്ചും താരം രംഗത്തെത്തിയിരുന്നു. ഭാര്യ കാന്‍ഡിസിനൊപ്പമായിരുന്നു ഇത്. ഒട്ടേറെപ്പേരാണ് ഇതുവരെ ടിക് ടോക്കില്‍ ഈ വിഡിയോ കണ്ടത്. മുന്‍പും ഇത്തരം രസകരമായ ടിക് ടോക്ക് വിഡിയോകള്‍ വാര്‍ണര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ‘ഷീലാ കി ജവാനി’ എന്ന വിഖ്യാത ബോളിവുഡ് ഗാനത്തിന് വാര്‍ണറും മക്കളും ചേര്‍ന്ന് ചുവടുവച്ചതും സൂപ്പര്‍ഹിറ്റായിരുന്നു

pathram:
Related Post
Leave a Comment