‘നല്ലൊരു പന്തെറിഞ്ഞാല്‍ കോഹ് ലി ബോളറെ ചീത്തവിളിക്കും’ അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകള്‍ പൊതുജന മധ്യത്തില്‍ പറയാന്‍ കൊള്ളില്ല.. അല്‍ അമീന്‍ ഹുസൈന്റെ വെളിപ്പെടുത്തല്‍

ധാക്ക: ‘നല്ലൊരു പന്തെറിഞ്ഞാല്‍ ഏതു ബാറ്റ്‌സ്മാനാണെങ്കിലും അതു തടുത്തിടും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെയാണ് മികച്ചൊരു പന്തെറിയുന്നതെങ്കില്‍ അദ്ദേഹം എറിയുന്ന ബോളറെ ചീത്തവിളിക്കും’ – പറയുന്നത് ബംഗ്ലദേശ് ബോളര്‍ അല്‍ അമീന്‍ ഹുസൈന്‍. ബംഗ്ലദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിക്‌ഫ്രെന്‍സിയുടെ ഫെയ്‌സ്ബുക് ലൈവില്‍ സംസാരിക്കുമ്പോഴാണ് കോലിയുടെ ‘വിചിത്രമായ’ രീതികളെക്കുറിച്ച് അല്‍ അമീന്‍ ഹുസൈന്‍ തുറന്നുപറഞ്ഞത്.

‘കോലിക്കെതിരെ എപ്പോഴൊക്കെ ഒരു ഡോട് ബോളെറിഞ്ഞാലും ചീത്ത വിളി പ്രതീക്ഷിക്കാം. അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകള്‍ പൊതുജന മധ്യത്തില്‍ പറയാന്‍ കൊള്ളില്ല. മികച്ച പന്തെറിഞ്ഞാല്‍ ഉടനെ ആ ബോളര്‍ക്കു മേല്‍ സമ്മര്‍ദ്ദമേല്‍പ്പിക്കാനാണ് കോലി ശ്രമിക്കുക. അയാളെ മാനസികമായി തളര്‍ത്താനുദ്ദേശിച്ചാണ് ചീത്തവിളി’ – അല്‍ അമീന്‍ ഹുസൈന്‍ വെളിപ്പെടുത്തി.

‘ക്രിസ് ഗെയ്ല്‍, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ തുടങ്ങിയ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെയെല്ലാം ഞാന്‍ ബോള്‍ ചെയ്തിട്ടുണ്ട്. മികച്ചൊരു പന്തെറിഞ്ഞാല്‍ അവരെല്ലാം അതു പ്രതിരോധിക്കും. അവരാരും കോലിയേപ്പോലെയല്ല. മാത്രമല്ല, ഒരക്ഷരം പോലും ഉരിയാടുകയുമില്ല. കോലി പക്ഷേ, തിരിച്ചാണ്. നല്ലൊരു പന്തെറിഞ്ഞാല്‍ അദ്ദേഹത്തില്‍നിന്ന് ചീത്തവിളി ഉറപ്പ്’ – ഹുസൈന്‍ വിശദീകരിച്ചു.

നേരത്തെ, ഇന്ത്യന്‍ ക്യാപ്റ്റനുമായുള്ള വാക്‌പോരിനെക്കുറിച്ചും കളത്തിലെ ശത്രുതയെക്കുറിച്ചും തുറന്നുപറഞ്ഞ് മറ്റൊരു ബംഗ്ലദേശ് താരം റൂബല്‍ ഹുസൈനും രംഗത്തെത്തിയിരുന്നു. വിരാട് കോലിയുമായുള്ള വാക്‌പോരിന് 12 വര്‍ഷം പഴക്കമുണ്ടെന്നാണ് റൂബല്‍ ഹുസൈന്റെ വെളിപ്പെടുത്തല്‍. 2008ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന യൂത്ത് ലോകകപ്പില്‍ തുടങ്ങുന്നു ഇതിന്റെ ചരിത്രം. അന്ന് കോലി ഇപ്പോഴത്തേതിനേക്കാള്‍ ‘ഭീകരനാ’യിരുന്നുവെന്നാണ് റൂബലിന്റെ വെളിപ്പെടുത്തല്‍.

‘2008ലെ യൂത്ത് ലോകകപ്പില്‍ കളിച്ച ടീമുകളില്‍ ഞങ്ങളുമുണ്ടായിരുന്നു. അന്നുമുതല്‍ ഞങ്ങള്‍ തമ്മില്‍ കളത്തില്‍ അത്ര രസത്തിലല്ല. അന്നേ എതിര്‍ ടീം താരങ്ങളെ സ്ലെജ് ചെയ്യുന്ന കാര്യത്തില്‍ കോലി കുപ്രസിദ്ധനാണ്. ഇപ്പോള്‍ കുറച്ചുകൂടി ഭേദമാണെന്നു പറയാം. അന്ന് കോലി ഇഷ്ടം പോലെ ചീത്ത വിളിക്കും’ – റൂബല്‍ പറഞ്ഞു.

ലോകകപ്പ് വേദികളില്‍ ഉള്‍പ്പെടെ കോലിയും റൂബല്‍ ഹുസൈനും തമ്മിലുള്ള മുഖാമുഖങ്ങള്‍ കുപ്രസിദ്ധമാണ്. 2011ലെ ലോകകപ്പ് സമയത്ത് റൂബല്‍ ഹുസൈനെ മത്സരത്തിനിടെ കോലി ചീത്തവിളിച്ചതു മുതല്‍ ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ ആരാധകര്‍ക്ക് സുപരിചിതമാണ്. അന്ന് തകര്‍പ്പന്‍ സെഞ്ചുറിയുമായി പടനയിച്ച കോലി ഇന്ത്യയ്ക്ക് സമ്മാനിച്ചത് തകര്‍പ്പന്‍ ജയം. പിന്നീട് 2015 ലോകകപ്പില്‍ കോലിയെ വെറും മൂന്നു റണ്‍സിനു പുറത്താക്കി റൂബല്‍ ഹുസൈന്‍ നടത്തിയ ‘അതിരുവിട്ട’ ആഘോഷവും ആരാധകര്‍ മറന്നിട്ടുണ്ടാവില്ല.

pathram:
Related Post
Leave a Comment