അന്ന് അടികിട്ടാതെ രക്ഷിച്ചത് അംപയര്‍; വിരാട് കോലിയുമായുള്ള വാക്‌പോരിന് അണ്ടര്‍ 19 കാലത്തോളം പഴക്കമുണ്ടെന്ന് വെളിപ്പെടുത്തലുമായി റൂബല്‍ ഹുസൈന്‍

ധാക്ക: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി അണ്ടര്‍ 19 ലോകകപ്പ് കാലം മുതലുള്ള ‘ശത്രുത’ ഓര്‍ത്തെടുത്ത് ബംഗ്ലദേശ് പേസ് ബോളര്‍ റൂബല്‍ ഹുസൈന്‍. ലോകകപ്പ് വേദികളില്‍ ഉള്‍പ്പെടെ കോലിയും റൂബല്‍ ഹുസൈനും തമ്മിലുള്ള മുഖാമുഖങ്ങള്‍ കുപ്രസിദ്ധമാണ്. 2011ലെ ലോകകപ്പ് സമയത്ത് റൂബല്‍ ഹുസൈനെ മത്സരത്തിനിടെ കോലി ചീത്തവിളിച്ചതു മുതല്‍ ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ ആരാധകര്‍ക്ക് സുപരിചിതമാണ്. അന്ന് തകര്‍പ്പന്‍ സെഞ്ചുറിയുമായി പടനയിച്ച കോലി ഇന്ത്യയ്ക്ക് സമ്മാനിച്ചത് തകര്‍പ്പന്‍ ജയം. പിന്നീട് 2015 ലോകകപ്പില്‍ കോലിയെ വെറും മൂന്നു റണ്‍സിനു പുറത്താക്കി റൂബല്‍ ഹുസൈന്‍ നടത്തിയ ‘അതിരുവിട്ട’ ആഘോഷവും മറക്കുന്നതെങ്ങനെ

എന്നാല്‍, വിരാട് കോലിയും താനും തമ്മിലുള്ള വാക്‌പോരിന് അണ്ടര്‍ 19 കാലത്തോളം പഴക്കമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് റൂബല്‍ ഹുസൈന്‍. കഴിഞ്ഞ ദിവസം ബംഗ്ലദേശ് ടീമില്‍ സഹതാരമായ തമീം ഇക്ബാലുമായി നടത്തിയ ഫെയ്‌സ്ബുക് ലൈവ് ചാറ്റിലാണ് കോലിയുമായുള്ള മുഖാമുഖങ്ങള്‍ റൂബല്‍ ഹുസൈന്‍ ഓര്‍ത്തെടുത്തത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലും ഇന്ത്യയും ബംഗ്ലദേശും നേര്‍ക്കുനേര്‍ എത്തിയെങ്കിലും കോലിക്കെതിരെ റൂബലിന് ബോള്‍ ചെയ്യേണ്ടി വന്നില്ല. അന്ന് മുസ്താഫിസുര്‍ റഹ്മാനാണ് കോലിയെ പുറത്താക്കിയത്.

വിരാട് കോലിയുമായുള്ള വാക്‌പോരിന് 12 വര്‍ഷം പഴക്കമുണ്ടെന്നാണ് ഇപ്പോള്‍ റൂബല്‍ ഹുസൈന്റെ വെളിപ്പെടുത്തല്‍. 2008ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന യൂത്ത് ലോകകപ്പില്‍ തുടങ്ങുന്നു ഇതിന്റെ ചരിത്രം. അന്ന് കോലി ഇപ്പോഴത്തേതിനേക്കാള്‍ ‘ഭീകരനാ’യിരുന്നുവെന്നാണ് റൂബലിന്റെ വെളിപ്പെടുത്തല്‍.

‘2008ലെ യൂത്ത് ലോകകപ്പില്‍ കളിച്ച ടീമുകളില്‍ ഞങ്ങളുമുണ്ടായിരുന്നു. അന്നുമുതല്‍ ഞങ്ങള്‍ തമ്മില്‍ കളത്തില്‍ അത്ര രസത്തിലല്ല. അന്നേ എതിര്‍ ടീം താരങ്ങളെ സ്ലെജ് ചെയ്യുന്ന കാര്യത്തില്‍ കോലി കുപ്രസിദ്ധനാണ്. ഇപ്പോള്‍ കുറച്ചുകൂടി ഭേദമാണെന്നു പറയാം. അന്ന് കോലി ഇഷ്ടം പോലെ ചീത്ത വിളിക്കും’ – റൂബല്‍ പറഞ്ഞു.

‘ആയിടയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ നടന്ന ഒരു മത്സരത്തിനിടെ കോലി കളത്തിലിറങ്ങുന്ന ബംഗ്ലദേശ് താരങ്ങളെയെല്ലാം വാക്കുകള്‍കൊണ്ട് പ്രകോപിപ്പിക്കുകയാണ്. കോലിയുടെ സ്വഭാവം അന്നേ ഞങ്ങള്‍ക്കെല്ലാം അറിയാം. അന്ന് മത്സരത്തിനിടെ കോലിയെ പുറത്താക്കിയത് ഞാനാണ്. കോലിയെ പുറത്താക്കിയതിനു പിന്നാലെ ഞാന്‍ അദ്ദേഹത്തിനുനേരെ ശകാരവര്‍ഷം ചൊരിഞ്ഞു. അന്ന് കോലി ബാറ്റിന്റെ പിടി എന്റെ നേരെ ചൂണ്ടിയത് ഓര്‍മയുണ്ട്’ – റൂബല്‍ പറഞ്ഞു.

‘അതിനുശേഷം അദ്ദേഹം എനിക്കെതിരെ എന്തൊക്കെ പറഞ്ഞു. ഇതോടെ ഞാന്‍ കോലിക്കുനേരെ നടന്നു. ഇതുകൂടി കണ്ടതോടെ നിയന്ത്രണം നഷ്ടമായ കോലി എനിക്കെതിരെ പാഞ്ഞുവന്നു. അപ്പോഴേക്കും രംഗം പന്തിയല്ലെന്ന് കണ്ട അംപയര്‍ ഇടപെട്ടു. അന്നുമുതല്‍ ഞങ്ങള്‍ തമ്മില്‍ നേര്‍ക്കുനേരെത്തുമ്പോഴെല്ലാം വാക്‌പോര് സാധാരണമാണ്. ദേശീയ ടീമിലെത്തിയശേഷവും ഇതിനു കുറവില്ല’ – റൂബല്‍ പറഞ്ഞു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7