ദേശീയ ടീമില്‍ കളിക്കാന്‍ വിളിക്കുന്നില്ല…പിന്നെ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിച്ചാല്‍ എന്താണ് പ്രശ്‌നം?’ ഇര്‍ഫാന്‍ പഠാനും സുരേഷ് റെയ്‌നയും

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിദേശ ട്വന്റി20 ലീഗുകളില്‍ കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അനുവാദം നല്‍കണമെന്ന ആവശ്യവുമായി ഇര്‍ഫാന്‍ പഠാനും സുരേഷ് റെയ്‌നയും രംഗത്ത്. ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് സുരേഷ് റെയ്‌നയും ഇര്‍ഫാന്‍ പഠാനും ഈ ആവശ്യമുയര്‍ത്തിയത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായ സുരേഷ് റെയ്‌ന 2018നുശേഷം ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിട്ടില്ല. ഇര്‍ഫാന്‍ പഠാനാകട്ടെ, പ്രതീക്ഷ നല്‍കിയ തുടക്കത്തിനുശേഷം അതിനൊത്ത് ഉയരാനാകാതെ ഇക്കഴിഞ്ഞ ജനുവരിയില്‍ കരിയറിന് വിരാമമിടുകയും ചെയ്തു.

‘ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗുകളിലും കളിക്കാന്‍ അനുവാദം നല്‍കുന്നതിന് ഐപിഎല്‍ ഫ്രാഞ്ചൈസികളുമായും ഐസിസിയുമായി ചേര്‍ന്ന് ബിസിസിഐ ഒരു പ്ലാന്‍ തയാറാക്കിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. കുറഞ്ഞത് രണ്ട് വിദേശ ലീഗുകളിലെങ്കിലും കളിക്കാന്‍ ഞങ്ങളെ അനുവദിക്കണം. വിദേശ ലീഗുകളിലായാലും നിലവാരമുള്ള പ്രകടനം കാഴ്ച വയ്ക്കാനായാല്‍ അതു വളരെ സഹായകരമാകും. ഇത്തരം ലീഗുകളില്‍ നടത്തുന്ന മികച്ച പ്രകടനങ്ങളിലൂടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ പ്രമുഖ താരങ്ങള്‍ തിരിച്ചുവരവു നടത്തുന്നത്’ – പഠാനുമായി സംസാരിക്കവേ സുരേഷ് റെയ്‌ന ചൂണ്ടിക്കാട്ടി.

അതേസമയം, 30 വയസ്സ് പിന്നിട്ടവരും രാജ്യാന്തര ക്രിക്കറ്റില്‍ ഇനിയൊരു അങ്കത്തിന് ബാല്യമില്ലാത്തവരുമായ വെറ്ററന്‍ താരങ്ങളെ വിദേശ ട്വന്റി20 ലീഗുകളില്‍ കളിക്കാന്‍ അനുവദിച്ചാല്‍ എന്താണ് പ്രശ്‌നമെന്നായിരുന്നു മുപ്പത്തഞ്ചുകാരനായ പഠാന്റെ ചോദ്യം.

ഓരോ രാജ്യക്കാര്‍ക്കും ഓരോ ശൈലിയായിരിക്കും. ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ഹസ്സി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത് 29–ാം വയസ്സിലാണ്. ഒരു ഇന്ത്യന്‍ താരത്തെ സംബന്ധിച്ച് 30–ാം വയസ്സില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നത് സ്വപ്നം കാണാനൊക്കുമോ? ഒരു താരം കായികമായി പൂര്‍ണ ഫിറ്റാണെങ്കില്‍ അദ്ദേഹത്തിന് രാജ്യാന്തര ക്രിക്കറ്റില്‍ അവസരം നല്‍കാമെന്നാണ് എന്റെ അഭിപ്രായം. 30 വയസ്സ് പിന്നിട്ടവരും രാജ്യാന്തര ക്രിക്കറ്റിലേക്ക് പരിഗണിക്കാന്‍ വിദൂര സാധ്യത പോലുമില്ലാത്തവരുമായ താരങ്ങളെ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിച്ചാല്‍ എന്താണ് പ്രശ്‌നം?’ – ഇര്‍ഫാന്‍ പഠാന്‍ ചോദിച്ചു. 2012ല്‍ 28–ാം വയസ്സില്‍ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ പഠാന്‍ ഇക്കഴി!ഞ്ഞ ജനുവരിയില്‍ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ചിരുന്നു.

pathram:
Related Post
Leave a Comment