മുംബൈ: കൊറോണക്കാലം കവര്‍ന്നെടുത്ത പരമ്പരകളും അതു വരുത്തിവച്ച സാമ്പത്തിക നഷ്ടവും മറികടക്കാന്‍ ഒരുപടി കടന്ന ആശയവുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). വൈറസ് വ്യാപനം നിമിത്തം നഷ്ടമായ പരമ്പരകള്‍ തിരിച്ചുപിടിക്കാന്‍ ഒരേ സമയം രണ്ട് ടീമുമായി രണ്ട് വ്യത്യസ്ത പരമ്പരകള്‍ കളിക്കുന്ന കാര്യം ബിസിസിഐ ആലോചിക്കുന്നതായാണ് വെളിപ്പെടുത്തല്‍. ഇതില്‍ ഒരു ടീം ഏകദിന, ട്വന്റി20 പരമ്പരകളില്‍ ശ്രദ്ധയൂന്നുമ്പോള്‍ രണ്ടാമത്തെ ടീം ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും. ഈ ആശയത്തിന് അന്തിമ രൂപമായിട്ടില്ലെങ്കിലും നടപ്പാക്കിയാല്‍ കൂടുതല്‍ താരങ്ങള്‍ക്ക് ദേശീയ ടീമിലേക്ക് വഴിതുറക്കുമെന്നും ഇക്കാര്യം പരസ്യമാക്കിയ പേരു വെളിപ്പെടുത്താത്ത ബിസിസിഐ ഒഫീഷ്യല്‍ ചൂണ്ടിക്കാട്ടി.
ഈ ആശയം പ്രാവര്‍ത്തികമായാല്‍ ഇന്ത്യന്‍ ടീമുകള്‍ ഒരേ സമയം രണ്ടിടത്തായി രണ്ട് വ്യത്യസ്ത മത്സരങ്ങള്‍ കളിക്കുന്ന അപൂര്‍വ കാഴ്ചയ്ക്കും വേദിയൊരുങ്ങും. ‘ലോക വ്യാപകമായി കായിക മത്സരങ്ങള്‍, പ്രത്യേകിച്ചും രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ എന്നാണ് പുനഃരാരംഭിക്കാനാകുക എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു വ്യക്തതയുമില്ല. എങ്കിലും ഇന്ത്യന്‍ ക്രിക്കറ്റുമായും ബിസിസിഐയുമായും ബന്ധപ്പെട്ട് സഹകരിക്കുന്ന എല്ലാവരെയും, സ്‌പോണ്‍സര്‍മാരും കാണികളും ഉള്‍പ്പെടെ, തൃപ്തിപ്പെടുത്താന്‍ ഒരേ സമയം രണ്ട് ടീമുകളെ രണ്ടിടത്തേക്ക് പരമ്പരയ്ക്കായി അയയ്ക്കുന്ന കാര്യം പരിഗണനയിലാണ്’ – ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.
കോടികള്‍ മുടക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങളുടെ സംപ്രേഷണാവകാശം വാങ്ങിയ ടെലിവിഷന്‍ ചാനലുകളുടെ താല്‍പര്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും ബിസിസിഐയ്ക്കുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഒരേ സമയം രണ്ട് ടീമുകളെ അണിനിരത്തിയാല്‍ ആ പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാമെന്ന് കണക്കുകൂട്ടല്‍. മാത്രമല്ല, ഒരു ദിവസം തന്നെ പകല്‍ ടെസ്റ്റ് മത്സരങ്ങളും വൈകീട്ട് ട്വന്റി20 മത്സരങ്ങളും കാണാന്‍ ആരാധകര്‍ക്കും അവസരവും ലഭിക്കും
ഒരേ സമയം രണ്ടു ടീമുകളെ കളത്തിലിറക്കാനുള്ള താല്‍പര്യം ബിസിസിഐ ഇന്ത്യന്‍ ടീമിന്റെ കോച്ചിങ് സ്റ്റാഫിനെ അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇത്തരത്തില്‍ രണ്ടു ടീമുകളെ ഇറക്കുന്നതിനുള്ള സാധ്യതകള്‍ അവര്‍ പഠിച്ചുവരികയാണ്. ടെസ്റ്റിനും ട്വന്റി20ക്കുമായി ഏറ്റവും മികച്ച രണ്ടു ടീമുകളെ കണ്ടെത്താനാണ് ശ്രമം.
അതേസമയം, ഇന്ത്യ ഒരേ സമയം രണ്ട് ടീമുകളെ വിന്യസിച്ചാലും ഈ പരീക്ഷണം നടത്തുന്ന ആദ്യത്തെ ടീം എന്ന ഖ്യാതി ഓസ്‌ട്രേലിയയ്ക്ക് സ്വന്തമാണ്. 2017 ഫെബ്രുവരി 22ന് ശ്രീലങ്കയ്‌ക്കെതിരെ അഡ്‌ലെയ്ഡ് ഓവലില്‍ ട്വന്റി20 മത്സരം കളിച്ചതിന്റെ തൊട്ടുപിറ്റേന്നാണ് ഓസ്‌ട്രേലിയയുടെ രണ്ടാമത്തെ ടീം ഇന്ത്യയ്‌ക്കെതിരെ പുണെയില്‍ ടെസ്റ്റ് മത്സരത്തിനിറങ്ങിയത്.
Leave a Comment