ന്യൂഡല്‍ഹി : കോവിഡിനോട് ഇന്ത്യ പെട്ടെന്നാണു പ്രതികരിച്ചതെന്നും അതിനാല്‍ കൊറോണ വൈറസ് കേസുകള്‍ വളരെക്കുറച്ചേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). അടങ്ങുന്നതിനു മുമ്പ് ജൂലൈ അവസാനത്തോടെ പകര്‍ച്ചവ്യാധിനിരക്ക് രാജ്യത്തു വ്യാപകമാകുമെന്നും ഡബ്ല്യുഎച്ച്ഒയുടെ പ്രത്യേക കോവിഡ്–19 പ്രതിനിധി ഡോ. ഡേവിഡ് നബാരോ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
‘ലോക്ഡൗണ്‍ നീക്കുമ്പോള്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകും. പക്ഷേ ആളുകള്‍ ഭയപ്പെടേണ്ട. വരും മാസങ്ങളില്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും. എന്നാല്‍ ഇന്ത്യ അസ്വസ്ഥപ്പെടേണ്ടതില്ല എന്നാണ് കരുതുന്നത്.’– ഡോ. ഡേവിഡ് നബാരോ പറഞ്ഞു. ലോക്ഡൗണ്‍ നീക്കുന്നതോടെ അവിടവിടെയായി രോഗവ്യാപനമുണ്ടാകും. അതു നിയന്ത്രിക്കാനുമാകും. ജൂലൈ അവസാനത്തോടെ ഇത് ഏറ്റവും ഉയരത്തിലെത്തും. പക്ഷേ മെച്ചപ്പെടും– അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള ദ്രുതഗതിയിലുള്ള നടപടി കാരണം പകര്‍ച്ചവ്യാധി നിര്‍ദിഷ്ട മേഖലകളിലേക്ക് പരിമിതപ്പെടുത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് വൈറസ് സാന്നിധ്യം കൂടുതല്‍. വൈറസ് സാന്നിധ്യം ചില നഗരങ്ങളിലുള്ളത് പക്ഷേ ആശങ്കയുളവാക്കുന്നു. ഇന്ത്യ വേഗം പ്രവര്‍ത്തിച്ചതിനാല്‍ സാഹചര്യം നിയന്ത്രണവിധേയമായി.
ഇവിടെ രോഗം ഇരട്ടിക്കുന്നതിന്റെ നിരക്ക് 11 ദിവസമാണ്. കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടുതലാണെങ്കിലും രാജ്യത്തെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ അത് വളരെ വലുതല്ല. വയോധിക വിഭാഗത്തിലെ മരണനിരക്ക് പൊതുവെ കൂടുതലാണ്. ഇന്ത്യയ്ക്ക് വ്യത്യസ്ത പ്രായപരിധിയുള്ള ജനവിഭാഗം ഉള്ളതിനാല്‍ രാജ്യത്തെ മൊത്തം മരണങ്ങള്‍ താരതമ്യേന കുറവാണെന്നും നബാരോ പറഞ്ഞു.