ആശങ്കയിലാക്കി കുട്ടികളെ ബാധിക്കുന്ന കവാസാക്കിക്കു സമാനമായ രോഗവും..; കുട്ടികള്‍ മരിച്ചു വീഴുന്നു

ന്യൂയോര്‍ക്ക്: ആയിരങ്ങളുടെ ജീവനെടുത്ത കോവിഡിനൊപ്പം അമേരിക്കയെ ആശങ്കയിലാക്കി കുട്ടികളില്‍ അപൂര്‍വ്വ രോഗം. കുട്ടികളെ ബാധിക്കുന്ന കവാസാക്കിക്കു സമാനമായ രോഗമാണ് കാണുന്നത്.കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ രോഗം ബാധിച്ച് അഞ്ചു വയസ്സുള്ള കുട്ടി മരിച്ചു. കൊറോണ വൈറസ് കാരണമുണ്ടാകുന്ന അപൂര്‍വ അവസ്ഥ മൂലമാകാം കുട്ടി മരിച്ചതെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ പറഞ്ഞു. കഴിഞ്ഞയാഴ്ച വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയില്‍ മറ്റൊരു കുട്ടിയും സമാന അവസ്ഥയില്‍ മരിച്ചിരുന്നു. ഈ കുട്ടിയുടെ ശരീരത്തില്‍ കൊറോണ വൈറസ് ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

കവാസാക്കി രോഗത്തിന്റെയും ‘ടോക്‌സിക് ഷോക്ക് ലൈക്ക് സിന്‍ഡ്രോം’ എന്ന രോഗത്തിന്റെയും ലക്ഷണങ്ങളോടെ 73 കുട്ടികളെയാണ് ന്യൂയോര്‍ക്കിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ഈ കുട്ടികളില്‍ പലര്‍ക്കും കോവിഡ് പോസിറ്റീവ് ആവുകയും ചെയ്തിരുന്നു. അഞ്ചു വയസ്സുള്ള കുട്ടിയാണ് വ്യാഴാഴ്ച മരിച്ചത്. കൊറോണ വൈറസ് മൂലമാകാം ഇതെന്നു ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു. കോവിഡും കവാസാക്കി രോഗവും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ അതു ആശങ്കപ്പെടുത്തുന്ന സംഭവവികാസമാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതു വേദനിപ്പിക്കുന്ന അവസ്ഥയാണ്. അങ്ങനെയെങ്കില്‍ തികച്ചും വ്യത്യസ്തമായ സ്ഥിതിവിശേഷമാകും ഉണ്ടാകുകയെന്നും ആന്‍ഡ്രൂ കുമോ പറഞ്ഞു. യുഎസില്‍ ചില കുട്ടികളില്‍ കൊറോണ വൈറസ് ബാധയുണ്ടായി ആറ് ആഴ്ച വരെ രോഗലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

രക്തധമനികളുടെ ഭിത്തിയില്‍ പഴുപ്പുണ്ടാകുന്ന അവസ്ഥയാണ് കവാസാക്കി രോഗം. ഇതു മൂലം ഹൃദയത്തിലേക്കുള്ള രക്തചംക്രമണം കുറയും. കുട്ടികളിലാണ് ഈ രോഗം കൂടതലായി കാണപ്പെടുന്നത്. ദേഹത്ത് ചുവന്ന പാടുകളും തടിപ്പും കാണും. പനിയുണ്ടാകും. തൊലി അടര്‍ന്നു പോകുന്ന അവസ്ഥയും ഉണ്ടാകും.

കുട്ടികള്‍ക്ക് അഞ്ചു ദിവസത്തില്‍ കൂടതല്‍ പനി നീണ്ടുനില്‍ക്കുകയാണെങ്കില്‍ അടിയന്തര ചികിത്സ നല്‍കണമെന്ന് ആരോഗ്യവകുപ്പ് മാതാപിതാക്കള്‍ക്കു മുന്നറിയിപ്പു നല്‍കി. വയറിളക്കം, ഛര്‍ദി, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, തൊലിയുടെ നിറംമാറ്റം, നെഞ്ചുവേദന, മയക്കം എന്നിവയും രോഗലക്ഷണങ്ങളാണ്. കൃത്യമായ ചികിത്സ കൊണ്ടു ഭേദമാക്കാവുന്ന രോഗമാണിത്. കുട്ടികളിലെ കോവിഡ് രോഗവും പുതിയ ലക്ഷണങ്ങളുമായി ബന്ധമുണ്ടാകാമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എല്ലാ ആശുപത്രികള്‍ക്കും ലാബുകള്‍ക്കും പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നത്.

കൃത്യമായി പരിശോധന നടത്തണമെന്നും 21 വയസില്‍ താഴെയുള്ളവര്‍ക്ക് രോഗലക്ഷണം കണ്ടാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് ബാധിച്ച് ആഴ്ചകള്‍ക്കു ശേഷം പുതിയ രോഗാവസ്ഥ സംജാതമാകാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മുന്നു നാലു ദിവസത്തേക്കു നല്ല പനിയുള്ള കുട്ടികള്‍ക്കു പിന്നീട് കൈകളിലും കാലുകളിലും ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടും. ഇവര്‍ക്കു വയറിനു പ്രശ്‌നമുണ്ടാകും. കണ്ണുകള്‍ നന്നായി ചുവന്നിരിക്കുമെന്നും കുട്ടികളെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു.

കഴിഞ്ഞ മാസം ലണ്ടനിലാണ് ആദ്യമായി ഇത്തരം രോഗം റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ബാധിച്ച കുട്ടികള്‍ക്ക് പിന്നീട് കവാസാക്കിയുടെയും ടോക്‌സിക് ഷോക്ക് സിന്‍ഡ്രോമിന്റെയും ലക്ഷണങ്ങള്‍ കാണപ്പെടുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഫ്രാന്‍സും ഇറ്റലിയും സ്‌പെയിനും ഇതേ രോഗാവസ്ഥ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്തില്‍ 10,000 കുട്ടികളില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ ഒരു വര്‍ഷം ഈ രോഗം റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. 1967ല്‍ ജപ്പാനിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ആണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നതും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7