ന്യൂഡൽഹി: അതിഥി തൊഴിലാളികൾക്കായി ഓടിയ 222 സ്പെഷൽ ട്രെയിനുകളിലായി രണ്ടര ലക്ഷം പേർ സ്വന്തം നാട്ടിലെത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്ഡൗൺ നിർദേശങ്ങളിൽ സർക്കാർ ഇനിയും ഇളവ് അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായാണ് ഈ ട്രെയിനുകൾ പോലും ഓടിയതെന്നും അവർ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ ഔറംഗബാദിൽ റെയിൽവേ പാളത്തിൽ 16 അതിഥി തൊഴിലാളികള്‍ മരിച്ച സംഭവം ദൗർഭാഗ്യകരമായിപ്പോയെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം അവിനാശിക്കു സമീപം ന്യൂ തിരുപ്പൂർ നേതാജി അപ്പാരൽ പാർക്കിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളികൾ റോഡിലിറങ്ങി നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. ലോക്ഡൗണിനെ തുടർന്നു തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ടതോടെ ഭക്ഷണത്തിനും മറ്റുമായി കഷ്ടപ്പെടുന്ന തങ്ങളെ സ്വന്തം നാടുകളിലേക്ക് പോകാൻ അനുവദിക്കുക, ഇതിനായുള്ള ട്രെയിൻ സൗകര്യം ഒരുക്കുക, അല്ലെങ്കിൽ ശമ്പളവും ഭക്ഷണവും നൽകി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു നൂറിലധികം തൊഴിലാളികൾ കൂട്ടത്തോടെ കോയമ്പത്തൂർ -സേലം ദേശീയ പാതയിലിറങ്ങി പ്രതിഷേധിച്ചത്.
റോഡിൽ ടയറുകൾ കൂട്ടിയിട്ടു കത്തിച്ച തൊഴിലാളികളെ പൊലീസെത്തി ഏറെ ശ്രമകരമായാണു നിയന്ത്രിച്ചത്. പിന്നീട് അറസ്റ്റ് ചെയ്തു നീക്കിയ തൊഴിലാളികളുമായി അധികൃതർ ചർച്ച നടത്തി ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് നൽകി.