ലോക്ഡൗണിനു പിന്നാലെ ഇന്ത്യയിൽ ജനനനിരക്ക് കുത്തനെ കൂടും; ഈ വർഷം ഇന്ത്യയിൽ 2 കോടിയിലേറെ കുഞ്ഞുങ്ങൾ ജനിക്കുമെന്ന് യൂനിസെഫ്

ജനങ്ങളെ മാസങ്ങളോളം വീട്ടിലിരുത്തിയ ലോക്ഡൗണിനു പിന്നാലെ ഇന്ത്യയിൽ ജനനനിരക്ക് റെക്കോർഡിലെത്തുമെന്ന് യുനിസെഫ്. കോവിഡിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച മാർച്ച് 11 മുതൽ അടുത്ത ഡിസംബർ വരെ രാജ്യത്തു 2.01 കോടി കുഞ്ഞുങ്ങൾ ജനിക്കുമെന്ന് യുനിസെഫ് റിപ്പോർട്ടിലുണ്ട്.

ലോകത്താകെ 11.6 കോടിയായിരിക്കും ജനനം. ചൈന (1.35 കോടി), നൈജീരിയ (64 ലക്ഷം), പാക്കിസ്ഥാൻ (50 ലക്ഷം), ഇന്തൊനീഷ്യ (40 ലക്ഷം), യുഎസ് (33 ലക്ഷം) തുടങ്ങിയ രാജ്യങ്ങളാകും ഇന്ത്യയ്ക്കു പിന്നിൽ.

കോവിഡ് പടരുന്നതുമൂലം ആരോഗ്യരംഗം സമ്മർദവും തടസ്സങ്ങളും നേരിടുന്നത് ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ശിശുമരണനിരക്ക് ഉയർന്ന രാജ്യങ്ങളിൽ ഇതു കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും.

പുതിയ അമ്മമാരും നവജാത ശിശുക്കളും ലോക്ഡൗൺ, കർഫ്യൂ, ചികിത്സാ അപര്യാപ്തത തുടങ്ങിയ കടുത്ത യാഥാർഥ്യങ്ങളെയാണു നേരിടേണ്ടി വരിക. കോവിഡ് ചികിത്സയ്ക്കു നിയോഗിക്കപ്പെടുന്നതിനാൽ ആരോഗ്യജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ടാകുമെന്ന് യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹെൻറീറ്റ ഫോർ പറയുന്നു. മാതൃദിനത്തിനു (മേയ് 10) മുന്നോടിയായാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7