സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സമയത്ത് മറ്റാരെങ്കിലും സ്‌ക്രീനിലേക്ക് ഒളിഞ്ഞു നോക്കുന്നത് ഇഷ്ടമില്ലാത്തവരാണ് പലരും. പക്ഷേ, എന്തു ചെയ്യാം സഹിക്കുകയല്ലാതെ വഴിയില്ല എന്നാണ് ഇന്നു പലരുടെയും ചിന്ത. സാധാരണക്കാരന്റെ കാര്യം പോട്ടെ, പ്രധാനമന്ത്രിമാര്‍ പോലും ഈ പ്രശ്‌നമോര്‍ത്ത് ഭയക്കുന്നുണ്ടാകും. ഇത്തരം പേടിയുള്ളവര്‍ക്ക് ആശ്വാസമാകുന്ന ടെക്‌നോളജിയാണ് ഐഫോണുകളില്‍ കാണാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ വികസിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യ പ്രാവര്‍ത്തികമാകുകയാണെങ്കില്‍ അപരിചിതരായ ആരെങ്കിലും സ്‌ക്രീനിലേക്കു നോക്കുമ്പോള്‍ സ്‌ക്രീനില്‍ ഒന്നും കാണില്ല. ഇതിനെ ഗെയ്‌സ്ഡിപെന്‍ഡന്റ് ഡിസ്‌പ്ലെ എന്‍ക്രിപ്ഷന്‍ (Gaze-dependent display encryption) എന്നാണ് കമ്പനി വിളിക്കുന്നത്.
ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സോഫ്റ്റ്‌വെയറാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഉടമയെ തിരിച്ചറിയുന്നതു കൂടാതെ, ഐട്രാക്കിങ് ടെക്‌നോളജി, അപരിചിതര്‍ സ്‌ക്രീനിലേക്കു നോക്കുന്നുണ്ടോ എന്ന് ജാഗരൂകമായിരിക്കുകയും ചെയ്യും. പരിചയമില്ലാത്ത ഒരാളുടെ ദൃഷ്ടി സ്‌ക്രീനില്‍ വീഴുമ്പോള്‍ ഗെയ്‌സ് എന്‍ക്രിപ്ഷന്‍ ആക്ടിവേറ്റു ചെയ്‌പ്പെടും. എന്നാല്‍, സംഗതി അവിടെ തീരുന്നില്ല. ഉടമയ്ക്ക് സ്‌ക്രീന്‍ സ്പഷ്ടമായിരിക്കുകയും ചെയ്യും! ഉദ്യോഗസ്ഥരുടെയും ഉന്നതരുടെയും കൂടാതെ നഗരങ്ങളില്‍ താമസിക്കുകയും പൊതുവാഹനങ്ങള്‍ ഉപയോഗിക്കുകയും മറ്റും ചെയ്യുന്നവരുടെ സ്വകാര്യത ഇതിലൂടെ സംരക്ഷിക്കപ്പെടുമെന്നു കരുതുന്നു.
ഇതിനുള്ള പേറ്റന്റ് അപേക്ഷ ആപ്പിള്‍ സെപ്റ്റംബര്‍ 9 ന് ഫയല്‍ ചെയ്തതാണ്. പോര്‍ട്ടബിള്‍ ഉപകരണങ്ങളില്‍ കാണുന്ന കണ്ടെന്റ് സ്വകാര്യവും രഹസ്യാത്മകവും എല്ലാമാകാം. എന്നാല്‍ ഈ സ്‌ക്രീനുകള്‍ കഫേകള്‍, ബസുകള്‍, വിമാനങ്ങള്‍, എയര്‍പോര്‍ട്ടുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ വച്ച് ഉപയോഗിക്കുമ്പോള്‍ ഉപയോക്താവിന്റെ രഹസ്യാത്മകമായ വിവരങ്ങള്‍ മറ്റുള്ളവര്‍ അറിയാന്‍ ഇടയുണ്ടെന്നും കമ്പനി പറയുന്നു.
ആപ്പിള്‍ ഫയല്‍ ചെയ്തിരിക്കുന്ന ടെക്‌നോളജിക്ക് ഉടമയേയും ഫോണിലേക്ക് ആവശ്യമില്ലാതെ നോക്കുന്നയാളെയും തിരിച്ചറിയാനാകും. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍, ഐട്രാക്കിങ് തുടങ്ങിയ സാങ്കേതികവിദ്യകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇത് പ്രവര്‍ത്തിപ്പിക്കുന്നത് ഒരു ആപ് ആയിരിക്കുമെന്നാണ് ഊഹിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനത്തിന് ഒന്നോ ഒന്നിലേറെയോ ക്യാമറകള്‍ സെന്‍സറുകള്‍ തുടങ്ങിയവയിലൂടെ പിടിച്ചെടുക്കുന്ന ഡേറ്റ ഉപയോഗിച്ചാണ് ഒളിഞ്ഞുനോട്ടക്കാരനെ തിരിച്ചറിയുന്നത്. ഇത്തരത്തില്‍ മുന്‍പരിചയമില്ലാത്ത കണ്ണുകള്‍ കണ്ടാല്‍ അവര്‍ക്കായി സ്‌ക്രീന്‍ അപ്രത്യക്ഷമാക്കുകയാണ് ചെയ്യുന്നത്. ഉടമയ്ക്ക് താന്‍ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തിയില്‍ വ്യാപൃതനാകുകയും ചെയ്യാം. എന്നാല്‍, ഫോണിന്റെ ഉടമയുടെ പരിചയക്കാരെ ഫോണ്‍ തിരിച്ചറിയുമായിരിക്കുമെന്നു തന്നെ വേണം കരുതാന്‍. അല്ലെങ്കില്‍ പിന്നെ സ്‌ക്രീനില്‍ എന്തെങ്കിലും കാണിച്ചു കൊടുക്കാനാവില്ലല്ലോ അല്ലെങ്കില്‍, ചില സാഹചര്യങ്ങളില്‍ ആപ് പ്രവര്‍ത്തിപ്പിക്കാമെന്നുമാകാം ഉദ്ദേശിക്കുന്നത്.
ആരാണ് ഒളിഞ്ഞു നോക്കുന്നതെന്നോ, അയാള്‍ക്ക് വേണ്ടി കണ്ടെന്റ് അപ്രത്യക്ഷമാക്കിയെന്നോ എന്നൊന്നും ഉപയോക്താവ് അറിയുക പോലുമില്ല. ഒളിഞ്ഞു നോട്ടക്കാരന് താന്‍ കാണുന്നത് ടെക്സ്റ്റ് ആണോ, ചിത്രമാണോ എന്നൊന്നും തിരിച്ചറിയാനാകില്ല. അക്ഷരങ്ങള്‍ ചിതറിച്ചിട്ടാലെന്നവണ്ണമോ, ചിത്രങ്ങളുടെ നിറങ്ങളില്‍ വ്യത്യാസം വരുത്തിയാലെന്നവണ്ണമോ എല്ലാമായിരിക്കും പുതിയ ആപ് വരിക. ഈ ആപ് ആദ്യം ഐഫോണുകളിലും ഐപാഡിലും മാക് കംപ്യൂട്ടറുകളിലും എത്തിയേക്കും. തുടര്‍ന്ന് ആപ്പിള്‍ വാച്ചില്‍ പോലും എത്താം.