കൊച്ചി: സ്വകാര്യബസുകള്‍ സര്‍വീസ് താത്കാലികമായി നിര്‍ത്താന്‍ ഒരുങ്ങുന്നു. ഇതോടെ ജീവിതം വഴിമുട്ടുന്നത് സാധാരണക്കാരായ ബസ് ജീവനക്കാരുടെ. സംസ്ഥാനത്തെ 12,683 ബസുകളാണ് സര്‍വീസ് നിര്‍ത്തിവെക്കാനുള്ള ജി ഫോം നല്‍കിയിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍വീസ് നടത്തിയാല്‍ ഉണ്ടാകുന്ന കനത്ത നഷ്ടം പരിഗണിച്ചാണ് ഉടമകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നത്. ഇത്തരത്തില്‍ ഒരുവര്‍ഷത്തേക്കുള്ള അപേക്ഷയാണ് നല്‍കിയിരിക്കുന്നത്.
ബസുകള്‍ ഓട്ടം നിര്‍ത്തുന്നതിലൂടെ നികുതിയിനത്തില്‍ മാത്രം സര്‍ക്കാരിന് പ്രതിദിനം 42 ലക്ഷം രൂപ നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഒരുദിവസം ഒരു ബസിന് 322 രൂപയാണ് നികുതിയായി നല്‍കേണ്ടത്. കൂടാതെ ഡീസല്‍വില്‍പ്പനയിലൂടെ നികുതിയിനത്തില്‍ ലഭിക്കുന്ന തുകയും നഷ്ടമാകും. പ്രതിദിനം ഒരുകോടിയോളം രൂപവരും ഇത്. എന്നാല്‍ ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതോടെ ഏറെ ദുരിതത്തിലാകുന്നത് സാധാരണക്കാരായ ബസ് ജീവനക്കാരാണ്. ഒരു ബസില്‍ ഒരുസമയത്ത് മൂന്നുജീവനക്കാരുണ്ടാവും. ഇത്തരത്തില്‍ കണക്കാക്കിയാല്‍ 76000ഓളം പേരുടെ ജീവിതമാണ് വഴിമുട്ടുന്നത്. ക്ഷേമനിധിയിലുള്ളവര്‍ക്ക് അയ്യായിരം രൂപ സഹായധനം ലഭിച്ചു. എന്നാല്‍, ഭൂരിപക്ഷം ജീവനക്കാരും ക്ഷേമനിധിയില്‍ ഇല്ല എന്നതും ജീവനക്കാര്‍ക്ക് ദുരിതമാകുന്നു.
അടച്ചിടലില്‍ നിര്‍ത്തിയിടേണ്ടിവന്ന ബസുകള്‍ പുറത്തിറക്കണമെങ്കില്‍ ഓരോന്നിനും രണ്ടുലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്ന് െ്രെപവറ്റ് ബസ് ഓണേഴ്‌സ് യൂത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.കെ. ബാബുരാജ് പറഞ്ഞു. കാരണം ബസുകള്‍ പലതും അറ്റകുറ്റ പണി നടത്തേണ്ട അവസ്ഥയാണ്. ബാറ്ററി തകരാറുകള്‍ വ്യാപകമാണ്. പല ബസുകളുടെയും ടെസ്റ്റ് കാലാവധിയും കഴിഞ്ഞിട്ടുണ്ട്. വീണ്ടും ടെസ്റ്റ് നടത്തണമെങ്കില്‍ ഒരുലക്ഷം രൂപയെങ്കിലും വേണ്ടിവരും. ഇതെല്ലാം പരിഹരിച്ച് ബസ് സര്‍വീസ് നടത്തിയാലും വീണ്ടും നഷ്ടം മാത്രമാണ് ഉടമകള്‍ക്കുണ്ടാകുക.