ന്യൂഡല്‍ഹി: ആദ്യ ആഴ്ചയില്‍ 12 രാജ്യങ്ങളില്‍നിന്ന് 64 വിമാനങ്ങളിലായി 14,800 ഇന്ത്യക്കാരെയാണു നാട്ടിലേക്കു തിരികെ കൊണ്ടുവരും. ഏഴാം തീയതിയാണ് ആദ്യ സര്‍വീസ് നടത്തുന്നത്.
ഫിലിപ്പീന്‍സ്, സിംഗപ്പുര്‍, ബംഗ്ലാദേശ്, യുഎഇ, യുകെ, സൗദി അറേബ്യ, ഖത്തര്‍, യുഎസ്എ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍നിന്നു വിമാനങ്ങള്‍ പറക്കുക. ആദ്യദിവസം പത്തു വിമാനങ്ങളില്‍ 2300 ഇന്ത്യക്കാരെയാണു മടക്കി എത്തിക്കുന്നത്. രണ്ടും മൂന്നും ദിവസങ്ങളില്‍ 9 വിമാനങ്ങളില്‍ 2050 പേര്‍ എത്തും. നാലാം ദിവസം എട്ടു വിമാനങ്ങളില്‍ 1850 പേരെയാണു മടക്കി കൊണ്ടുവരുന്നത്.
അഞ്ചാം ദിവസം 9 വിമാനങ്ങള്‍, ആറാം ദിവസം 11 വിമാനങ്ങള്‍, ഏഴാം ദിവസം എട്ടു വിമാനങ്ങള്‍ എന്നിങ്ങനെയാണു സര്‍വീസ് നടത്തുന്നത്. ഗള്‍ഫ് മേഖലയില്‍നിന്ന് കേരളത്തിലേക്ക് ആകെ 15 വിമാനങ്ങളാണ് ആദ്യ ആഴ്ചയില്‍ എത്തുന്നത്. വിമാനത്തില്‍ കയറുന്നതിനു മുന്‍പ് ഇന്ത്യയിലേക്കു വരുന്ന എല്ലാവരും പ്രത്യേക ഫോം പൂരിപ്പിച്ച് മടങ്ങിയെത്തുന്ന വിമാനത്താവളത്തിലെ ആരോഗ്യ, ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ നല്‍കണം. പനി, ചുമ, പ്രമേഹം, ശ്വാസകോശരോഗങ്ങള്‍ എന്നിവയുണ്ടോ എന്ന് അറിയിക്കണം. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്യയിലേക്കു മടങ്ങിയവര്‍ നല്‍കിയ ഫോമിനു സമാനമായ ഫോം തന്നെയാണിത്.