മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നളിനി നെറ്റോ രാജിവച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നളിനി നെറ്റോ രാജിവച്ചു. ഇന്ന് ഉച്ചയ്ക്കാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി.

പിണറായി വിജയന്‍ മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം നടത്തിയ പ്രധാന നിയമനങ്ങളില്‍ ഒന്നായിരുന്നു നളിനി നെറ്റോയുടേത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ അഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ മുഖ്യമന്ത്രി തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ വെറുതെ വിട്ട സിബിഐ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തതോടെയാണ് സിപിഎമ്മുമായുള്ള നളിനി നെറ്റോയുടെ അടുപ്പം കൂടുന്നത്. സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടു.

ആദ്യക്കാലങ്ങളില്‍ പ്രധാനപ്പെട്ട പല ഫയലുകളും കൈകാര്യം ചെയ്ത നളിനി നെറ്റോയക്ക് പക്ഷെ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിലെ പിടി അയഞ്ഞ് തുടങ്ങി. ഓഫീസിലെ ചില ഉന്നതരുമായുള്ള ശീതയുദ്ധമായിരുന്നു കാരണം. ഇതോടെ ഫയലുകള്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അടുത്തേക്ക് എത്താതായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ തര്‍ക്കങ്ങള്‍ പലപ്പോഴും പരിഹരിച്ചിരുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവുമായ എം വി ജയജയരാജനായിരുന്നു.

സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എംവി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കാന്‍ ആളില്ലാതെയായി എന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് സിഎംഒയില്‍ (ചീഫ് മിനിസ്റ്റര്‍ ഓഫീസ്) നിന്നും പടിയിറങ്ങാന്‍ നളിനി നെറ്റോയും തീരുമാനിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular