സംസ്ഥാനത്ത് കൊറോണ പരിശോധിക്കുകയോ തിരിച്ചറിയുകയോ ചെയ്യാത്ത 239 രോഗികള്‍ വരെ ഉണ്ടാകാന്‍ സാധ്യതയെന്നു പഠനം

തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് പരിശോധിക്കുകയോ തിരിച്ചറിയുകയോ ചെയ്യാത്ത 239 രോഗികള്‍ വരെ ഉണ്ടാകാന്‍ സാധ്യതയെന്നു പഠനം. യുഎസില്‍ ഗവേഷകനും സ്റ്റാറ്റിസ്റ്റിക്കല്‍ സിഗ്‌നല്‍ പ്രോസസിങ് വിദഗ്ധനുമായ ഡോ. ജയകൃഷ്ണന്‍ ഉണ്ണിക്കൃഷ്ണന്‍, ഡേറ്റ സയന്റിസ്റ്റും മെഷീന്‍ ലേണിങ് വിദഗ്ധനുമായ ഡോ. സുജിത് മംഗലത്ത് എന്നിവര്‍ കേരളത്തിലെയും മറ്റു രാജ്യങ്ങളിലെയും കോവിഡ് ബാധിതരുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണു വിലയിരുത്തല്‍.

കേരളത്തില്‍ പരിശോധനകളുടെ എണ്ണം താരതമ്യേന കുറവാണെന്നതും രോഗലക്ഷണങ്ങളില്ലാത്ത ഒട്ടേറെ രോഗികളുണ്ടെന്നതുമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന കാരണങ്ങള്‍. പകര്‍ച്ചവ്യാധി വ്യാപനക്കണക്ക് പരിശോധിക്കാനുള്ള കേസ് ഫെയ്റ്റാലിറ്റി റേറ്റ് (സിഎഫ്ആര്‍), കറക്ടഡ് കേസ് ഫെയ്റ്റാലിറ്റി റേറ്റ് (സിസിഎഫ്ആര്‍) എന്നിവയുടെ താരതമ്യത്തിലൂടെയാണു റിപ്പോര്‍ട്ട് ചെയ്യാത്ത രോഗികളുടെ എണ്ണം കണക്കാക്കിയത്. ഇവരില്‍ രോഗം മാറിയവരും ഇപ്പോള്‍ രോഗലക്ഷണമുള്ളവരും ഉണ്ടാകാം.

കേരളത്തിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മികച്ചതാണെങ്കിലും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ കൂട്ടത്തോടെ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ പരിശോധന കര്‍ശനമാക്കണമെന്നു പഠനം നിര്‍ദേശിക്കുന്നു.

ശരീരോഷ്മാവ് അളക്കാനുള്ള ക്യാമറ വിമാനത്താവളങ്ങളിലും റെയില്‍വേ സ്‌റ്റേഷനുകളിലും മാര്‍ക്കറ്റുകളിലും സ്ഥാപിക്കുന്നതും പരിധിയിലേറെ ചൂടുള്ളവരില്‍ രോഗപരിശോധന നടത്തുന്നതും പ്രയോജനകരമാകുമെന്നും ചൂണ്ടിക്കാട്ടുന്നു

Similar Articles

Comments

Advertismentspot_img

Most Popular