തിരുവനന്തപുരം: കോവിഡ് രോഗവ്യാപന സാധ്യത പരമാവധി തടയുന്നതിനായി കേന്ദ്രം അനുവദിച്ച ഇളവുകള്‍ സൂക്ഷ്മതയോടെ നടപ്പിലാക്കാന്‍ കേരളം. കേന്ദ്രം അനുവദിച്ച ഇളവുകളില്‍ ഒട്ടുമിക്കവയും നടപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചെങ്കിലും ഏതാനും ചില കാര്യങ്ങള്‍ ഉടന്‍ നടപ്പാക്കേണ്ടെന്നും തീരുമാനമായി. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് കേന്ദ്രം അനുവദിച്ച ഇളവ് സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവെച്ചിരിക്കുന്നത്.
മദ്യവില്‍പനശാലകള്‍ തുറക്കാന്‍ കേന്ദ്രം ഇളവ് നല്‍കിയെങ്കിലും തല്‍ക്കാലം വേണ്ടെന്നാണ് ഇളവുകള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചത്. എത്രയൊക്കെ നിയന്ത്രണം വെച്ചാലും ആളുകള്‍ മദ്യക്കടകളിലെത്തുകയും ആള്‍ക്കൂട്ടം ഉണ്ടാവുകയും ചെയ്യുമെന്ന് യോത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും വിധത്തില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചാല്‍ അത് തിരക്കിട്ട് മദ്യഷോപ്പുകള്‍ തുറന്നതു മൂലമാണെന്ന ആരോപണം ഉണ്ടാവുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഗ്രീന്‍ സോണുകളില്‍ ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കാം എന്ന കേന്ദ്രത്തിന്റെ ഇളവ് വേണ്ടെന്നുവെക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി സലൂണുകളും തുറക്കാനുള്ള ഇളവും വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റ് ഇളവുകള്‍ എല്ലാം കേന്ദ്രം നിര്‍ദേശിച്ച വിധത്തില്‍ത്തന്നെ നടപ്പാക്കും.
കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനപ്രകാരം കേരളത്തില്‍ വയനാടും എറണാകുളവുമാണ് നിലവില്‍ ഗ്രീന്‍ സോണിലുള്ളത്. എന്നാല്‍ ഇപ്പോള്‍ രോഗികളൊന്നുമില്ലാത്ത തൃശ്ശൂരും ആലപ്പുഴയും കൂടി ഗ്രീന്‍ സോണിലുള്‍പ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വൈകുന്നേരം മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കും.