മദ്യക്കടകള്‍ മറ്റന്നാൾ തുറക്കും; തയ്യാറെടുപ്പുകൾ തുടങ്ങി

കേരളത്തില്‍ മദ്യക്കടകള്‍ തിങ്കളാഴ്ച തുറക്കാന്‍ തത്ത്വത്തില്‍ ധാരണ. എത്ര കടകള്‍, ഏതു ജില്ലകളില്‍ എന്ന് ഇന്ന് തീരുമാനിക്കും. തിങ്കളാഴ്ച തുറക്കാനായി ഒരുങ്ങാന്‍ ബെവ്കോ നേരത്തെ നിര്‍ദേശിച്ചിരുന്നു. അണുനശീകരണം ഉള്‍പ്പെടെ പല കടകളിലും നടത്തി. വരുമാനക്കുറവ് പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

അതേസമയം ജോലിക്കാര്‍ക്ക് സ്വന്തം വാഹനത്തില്‍ ജില്ല കടന്ന് വരാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മനസ്സുള്ളവര്‍ക്ക് വരാം. ദൂരെയുള്ളവരെ വിഷമിപ്പിക്കേണ്ടെന്നാണ് നിലപാടെന്നും മന്ത്രി പറഞ്ഞു. ജനക്കൂട്ടമുണ്ടാകാതെ കടകള്‍ തുറക്കാനും മാര്‍ഗരേഖ. സോണ്‍ തിരിച്ച് വ്യത്യസ്ത കടകള്‍ പ്രവര്‍ത്തിക്കും. കേരളത്തിലെ ലോക്ഡൗണ്‍ ഇളവുകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം ചേരും‍. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും.

അതേസമയം പുതിയ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാര്‍ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവിതരണത്തിന് നടപടി തുടങ്ങി. വിതരണം തുടങ്ങുന്ന നാലാംതീയതി തന്നെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും ശമ്പളം നല്‍കും. ഹൈക്കോടതി ജഡ്ജിമാരുടെ ആറുദിവസത്തെ ശമ്പളം പിടിക്കാതിരിക്കാന്‍ ശമ്പളവിതരണ സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തും.

ആറുദിവസത്തേതുവീതം അഞ്ചുമാസത്തെ ശമ്പളം പിടിക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കിയതോടെ നേരത്തെ അപ് ലോഡ് ചെയ്തിരുന്ന ശമ്പളബില്ലുകള്‍ ട്രഷറികള്‍ക്ക് പാസാക്കാം. ചുമതലയുള്ള ഡിഡിഒമാര്‍ക്ക് തുടര്‍ന്നും ശമ്പള ബില്ലുകള്‍ അപ് ലോഡ് ചെയ്യാം. ഇന്നും നാളെയും അവധിയാണെങ്കിലും ശമ്പളബില്‍ പാസാക്കുന്നതിന് ചുമതലപ്പെട്ട ജീവനക്കാരോട് ട്രഷറിയിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച തന്നെ ശമ്പളം, പെന്‍ഷന്‍ വിതരണം തുടങ്ങുന്നു എന്ന് ഉറപ്പാക്കുന്നതിനാണ് ട്രഷറി ഡയറക്ടര്‍ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നേരത്തെ ഉണ്ടായിരുന്ന പേയ്മെന്റ് ഷെഡ്യൂള്‍ പ്രകാരം ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ആദ്യദിവസം ശമ്പളം ലഭിക്കില്ലായിരുന്നു. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ആദ്യ ശമ്പളവിതരണ ദിവസം തന്നെ ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ കഴിഞ്ഞമാസം ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതി ജ‍ഡ്ജിമാരെ ശമ്പളനിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് ശമ്പളവിതരണ സോഫ്റ്റ്വെയറായ സ്പാര്‍ക്കില്‍ മാറ്റം വരുത്തും.ഇതും നാളെ വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കണം.

ഹൈക്കോടതി ജഡ്ജിമാരടക്കമുള്ള ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്ക് ആദ്യദിവസം തന്നെ ശമ്പളം നല്‍കണമെന്നതാണ് കാരണം. ഏത് വകുപ്പുകളിലുള്ളവര്‍ക്കാണ് ആദ്യ പ്രവൃത്തി ദിവസം ശമ്പളം നല്‍കേണ്ടതെന്ന് കേരള ഫിനാന്‍ഷ്യല്‍ കോഡില്‍ വ്യവസ്ഥയുണ്ട്. ജുഡീഷ്യറിക്ക് പുറമെ സെക്രട്ടേറിയറ്റ്, റവന്യു, ലാന്‍ഡ് റവന്യു, പൊലീസ്, കൊമേഴ്സ്യല്‍ ടാക്സ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ക്കും ആദ്യപ്രവൃത്തി ദിവസമാണ് ശമ്പളം നല്‍കേണ്ടത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7