മുസ്‌ലിംകളില്‍ നിന്ന് പച്ചക്കറി വാങ്ങരുതെന്ന് പ്രസംഗിച്ച ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ സുരേഷ് തിവാരിക്ക് കാരണം കാണിക്കല്‍ നോട്ടിസ്. എം.എല്‍.എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ നിര്‍ദേശിച്ചതിന് പിന്നാലെയാണ് സംസ്ഥാന ഘടകം നോട്ടിസ് നല്‍കിയത്.
എം.എല്‍.എ വിവാദ പ്രസംഗം നടത്തി ഒരാഴ്ചയായിട്ടും നടപടിയെടുക്കാതിരുന്നതില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്. വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉണ്ടാകരുതെന്ന് താക്കീത് ചെയ്ത ജെ.പി.നഡ്ഡ ഇത്തരം സംഭവങ്ങള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന ഘടകത്തോട് നിര്‍ദേശിച്ചതായാണ് സൂചന. കോവിഡ് വൈറസ് പരത്താന്‍ പച്ചക്കറികളില്‍ മുസ്‌ലിംകള്‍ തുപ്പുന്നുവെന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് പരാമര്‍ശം നടത്തിയതെന്നാണ് സുരേഷ് തിവാരിയുടെ നിലപാട്.
കോവിഡ് ബാധിക്കാതെയിരിക്കാന്‍ മുസ്ലിം കച്ചവടക്കാരില്‍നിന്നു പച്ചക്കറി വാങ്ങരുതെന്ന് ഉത്തര്‍പ്രദേശിലെ ബര്‍ഹാജ് എംഎല്‍എയായ ഇദ്ദേഹം പറയുന്ന വീഡിയോ പുറത്ത് വന്നിരുന്നു.
തബ്ലീഗി ആളുകള്‍ അവരുടെ ഉമിനീര്‍ പച്ചക്കറികളിലാക്കി കോവിഡ് പരത്താന്‍ ശ്രമിക്കുകയാണെന്ന് പരാതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണെന്ന് തിവാരി പറഞ്ഞു. കോവിഡില്‍നിന്നു ആളുകളെ രക്ഷിക്കാന്‍ വേണ്ടിയാണ് മുസ്ലിം കച്ചവടക്കാരില്‍നിന്ന് പച്ചക്കറി വാങ്ങരുതെന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.