രണ്ടുവര്‍ഷം മുമ്പു കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയ ജെയിംസിനെ ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കണ്ടെത്തിയതായി സൂചന. കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി കഴിഞ്ഞദിവസം തച്ചങ്കരി വെളിപ്പെടുത്തിയിരുന്നു.
നിലവില്‍ കേരളത്തിനു പുറത്തുള്ള ജസ്‌നയെ ഉടന്‍ നാട്ടിലെത്തിക്കാനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമം. പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയ ജസ്‌നയെ 2018 മാര്‍ച്ച് 20നാണ് കാണാതായത്. പത്തനംതിട്ട എസ്.പി: കെ.ജി. െസെമണാണ് ഇപ്പോള്‍ കേസിന്റെ അന്വേഷണച്ചുമതല. കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയില്‍നിന്ന് കാണാതായ ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്നുതന്നെയാണ് ഉന്നതവൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നത്.
ജസ്‌നയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു ഡി.ജി.പി. അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തച്ചങ്കരി ക്രൈംബ്രാഞ്ച് ഡയറക്ടറായശേഷം തയാറാക്കിയ 10 മുന്‍ഗണനാ കേസുകളുടെ പട്ടികയില്‍ ജസ്‌നയുടെ തിരോധാനവും ഉള്‍പ്പെടുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ രണ്ടായിരത്തിലേറെപ്പേരെ ചോദ്യംചെയ്തു. ”ഞാന്‍ മരിക്കാന്‍ പോകുന്നു”വെന്ന (ഐ ആം ഗോയിങ് ടു െഡെ) ജസ്‌നയുടെ അവസാനസന്ദേശത്തിന്റെ ചുവടുപിടിച്ചായിരുന്നു ആദ്യഘട്ടം അന്വേഷണം. ഇതിനിടെ, തമിഴ്‌നാട് കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട മൃതദേഹം ജസ്‌നയുടേതാണെന്ന് ഉള്‍പ്പെടെ അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ബംഗളുരുവിലെ സി.സി. ടിവി ദൃശ്യങ്ങളില്‍ ജസ്‌നയെ കണ്ടെത്തിയെന്ന വാര്‍ത്തയും പരന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ജസ്‌നയുടെ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണും പോലീസ് കണ്ടെടുത്തിരുന്നു.