ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ്; എല്ലാം കാസര്‍കോട്; 15 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേരും കാസര്‍കോട് ജില്ലക്കാരാണ്. സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. ഇന്ന് 15 പേര്‍ രോഗമുക്തി നേടി. കാസര്‍കോട് അഞ്ചുപേര്‍ക്കും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മൂന്നുപേര്‍ക്കു വീതവും കൊല്ലത്ത് ഒരാള്‍ക്കുമാണ് ഇന്ന് പരിശോധനാഫലം നെഗറ്റീവായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് 19 മൂലം കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം വേദനാജനകമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതുവരെ 450 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 116 പേര്‍ നിലവില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 21,725 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 21,243 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുണ്ട്. 452 പേര്‍ ആശുപത്രികളിലാണുള്ളത്. ഇന്നുമാത്രം 144 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21,941 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 20,830 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

നിലവില്‍ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്56 പേര്‍. കാസര്‍കോട് 18 പേര്‍ ചികിത്സയിലുണ്ട്. തൃശ്ശൂര്‍,ആലപ്പുഴ ജില്ലകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ആരും ചികിത്സയിലില്ല.

കര്‍ണാടകത്തിലെ കുടകില്‍നിന്ന് കണ്ണൂരിലേക്ക് കാട്ടിലൂടെ അതിര്‍ത്ത കടന്നെത്തിയ എട്ടുപേരെ കൊറോണ കെയര്‍ സെന്ററിലാക്കിയിട്ടുണ്ട്. ഇതുവരെ 57 പേരാണ് ഇത്തരത്തില്‍ നടന്ന് അതിര്‍ത്തി കടന്നെത്തിയത്. ഇരിട്ടിയിലെ രണ്ട് കൊറോണ കെയര്‍ സെന്ററിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സംസ്ഥാന അതിര്‍ത്തികളിലെല്ലാം സംഭവിക്കാനിടയുള്ള കാര്യമാണ്. അതിനാലാണ് സംസ്ഥാന അതിര്‍ത്തികളിലാകെ ജാഗ്രത പാലിക്കണമെന്ന് പറയുന്നത്. അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെല്ലാം നല്ല ജാഗ്രത തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ്19 ഇതര രോഗം ബാധിച്ചവര്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ ലഭിക്കാത്ത പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ ഉണ്ടാകുന്നുണ്ട്. അത് പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നല്‍കാനുള്ള നടപടി സ്വീകരിക്കും. ലോക്ക്ഡൗണ്‍ മൂലം വരുമാനം നിലച്ച നിര്‍ധനരായ ഡയാലിസിസ് രോഗികള്‍, അവയവം മാറ്റിവെച്ച മറ്റു രോഗികള്‍, അര്‍ബുദ രോഗികള്‍ എന്നിവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍നിന്ന് ലഭിക്കാന്‍ കാലതാമസം വരുന്നുണ്ടെങ്കില്‍ കാരുണ്യ, നീതി സ്‌റ്റോറുകളില്‍നിന്ന് വാങ്ങാനുള്ള അനുമതിയും തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7