കൊച്ചി: കൊറോണ വൈറസ് പശ്ചാത്തലത്തില്‍ നാട്ടിലേയ്ക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി എന്തൊക്കെ സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്ന് ഹൈക്കോടതി. പ്രവാസികളെ അവരുടെ വീടുകളില്‍ നിരീക്ഷിക്കാനാവില്ലെന്നും അവര്‍ക്കായി എന്തൊക്കെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അറിയിക്കണമെന്നും സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം. പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ദുബായ് കെ.എം.സി.സി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ ആവശ്യം.
എല്ലാവരും തിരിച്ചുവരണമെന്നു തന്നെയാണ് തങ്ങളും ആഗ്രഹിക്കുന്നതെന്ന് കോടതി പറഞ്ഞു. എന്നാല്‍ പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിന് കേരളം വേണ്ടവിധത്തില്‍ ഒരുങ്ങിയിട്ടുണ്ടോ എന്നാണ് അറിയേണ്ടേത്. പ്രവാസികള്‍ തിരിച്ചെത്തിയാല്‍ അവരെ വീടുകളിലേക്ക് നിരീക്ഷണത്തിന് അയക്കാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാര്‍ രേഖാമുലം അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
അതേസമയം പ്രവാസികളെ ഇപ്പോള്‍ തിരിച്ചെത്തിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചത്. ചികിത്സാ ആവശ്യങ്ങള്‍ക്കെങ്കിലും പ്രവാസികളെ നാട്ടിലേക്ക് എത്തിക്കണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. അവിടെ ചികിത്സാ ചെലവുകള്‍ വളരെ കൂടുതലാണ്. മുന്‍ഗണനാ ക്രമം നിശ്ചയിച്ച് അതിനനുസരിച്ച് രാജ്യത്തേക്ക് വരാന്‍ അനുവദിച്ചാല്‍ മതിയെന്നും കെ.എം.സി സി ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് തെറ്റാണ്. ലോകമെമ്പാടുമുളള ഇന്ത്യാക്കാരെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടുളള ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ ഉളളതെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, പ്രവാസികളെ എങ്ങനെ വേര്‍തിരിക്കും എന്നായിരുന്നു കോടതിയുടെ ചോദ്യം. ചികിത്സാ സംബന്ധമായ അത്യാവശ്യങ്ങള്‍, ടൂറിസ്റ്റ് വിസയില്‍ പോയവര്‍ , ലേബര്‍ ക്യാമ്പില്‍ താമസിക്കുന്നവര്‍ എന്നിങ്ങനെ വേര്‍തിരിച്ച് മുന്‍ഗണനാ ക്രമത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.