സ്പ്രിന്‍ക്ലര്‍ വിവാദം; സിപിഐക്ക് അതൃപ്തി

യുഎസ് കമ്പനി സ്പ്രിന്‍ക്ലറുമായി സര്‍ക്കാര്‍ ഡേറ്റാ കരാറിലേര്‍പ്പെട്ടതില്‍ സഖ്യകക്ഷിയായ സിപിഐക്കു കടുത്ത അതൃപ്തി. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാറുണ്ടാക്കിയതും നിയമവകുപ്പിനെയും മന്ത്രിസഭയെയും മറികടന്നു നീങ്ങിയതും തെറ്റെന്നാണ് സിപിഐ നേതൃത്വത്തിനുള്ളിലെ വികാരം. കോവിഡ് ലോക്ഡൗണ്‍ കഴിഞ്ഞ് സിപിഐ നിര്‍വാഹകസമിതി ചര്‍ച്ച ചെയ്തതിനു ശേഷമാകും പരസ്യപ്രതികരണം.

ഇന്ത്യന്‍ കമ്പനി വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കുമെന്ന കാരണത്താല്‍ ആധാറിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സിപിഐക്ക് യുഎസ് കമ്പനിയെ ഡേറ്റാ കരാര്‍ ഏല്‍പ്പിച്ചതിനോടു കടുത്ത വിയോജിപ്പാണ്. ഇതിനിടയില്‍ മന്ത്രിസഭ പല തവണ കൂടിയിട്ടും അവിടേക്കോ നിയമവകുപ്പിന് മുന്നിലേക്കോ കരാര്‍ വരാത്തത് ഇടതുപക്ഷ നയത്തിനു വിരുദ്ധമാണെന്നാണ് സിപിഐ കരുതുന്നത്.

ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി ഇല്ലാതെ വിദേശ കമ്പനിയുമായി എങ്ങനെ കരാര്‍ ഒപ്പിടും എന്നതാണ് സിപിഐ ഉന്നയിക്കുന്നത്. സ്പ്രിന്‍ക്ലര്‍ കരാര്‍ ലംഘിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. ഭോപ്പാല്‍ വിഷവാതക ദുരന്ത കേസില്‍ യൂണിയന്‍ കാര്‍ബൈഡിന് എതിരെ അവിടുത്തെ കോടതിയില്‍ പോയിട്ട് ഒരു പൈസ പോലും ഇരകള്‍ക്ക് നഷ്ടപരിഹാരം കിട്ടിയിട്ടില്ല. സമാനമാണ് സ്പ്രിന്‍ക്ലറുമായും സംഭവിക്കാന്‍ പോവുക.

നിയമവകുപ്പ് ഫയല്‍ കാണാത്തതില്‍ മുഖ്യമന്ത്രിയുടെയും ഐടി സെക്രട്ടറിയുടെയും നിലപാടുകള്‍ പൊരുത്തപ്പെടുന്നില്ലെന്നാണ് സിപിഐയുടെ പക്ഷം. സാമ്പത്തിക ഇടപാടില്ലാത്തതിനാലാണ് നിയമവകുപ്പ് ഫയല്‍ കാണാത്തത് എന്നാണു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ തന്റെ സ്വന്തം റിസ്‌ക്കില്‍ കരാറിലേര്‍പ്പെട്ടു എന്നാണ് ഐടി സെക്രട്ടറി വെളിപ്പെടുത്തിയത്. ഇതു രണ്ടും പൊരുത്തപ്പെടുന്നില്ലെന്നും മുഖ്യമന്ത്രിക്ക് എല്ലാം അറിയാമായിരുന്നു എന്നും സിപിഐ കരുതുന്നു. കോവിഡ് കാലം കഴിയും വരെ പരസ്യപ്രതികരണം ഉണ്ടാകില്ല. പാര്‍ട്ടി കമ്മിറ്റികള്‍ ചേര്‍ന്ന ശേഷം അതൃപ്തി അറിയിക്കാനാണ് തീരുമാനം.

Similar Articles

Comments

Advertismentspot_img

Most Popular