മഗ്രോ പറയുന്നത് മാത്രം വിശ്വസിക്കരുതെന്ന് അശ്വിന്‍!

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകനായിരുന്ന രവിചന്ദ്രന്‍ അശ്വിനെ വിവാദനായകനാക്കിയ സംഭവമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലിഷ് താരം ജോസ് ബട്‌ലറിനെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത്. പഞ്ചാബിനെതിരായ മത്സരത്തില്‍ ബട്‌ലര്‍ മികച്ച രീതിയില്‍ ബാറ്റു ചെയ്യുമ്പോഴായിരുന്നു അശ്വിന്റെ മങ്കാദിങ് പ്രയോഗം. ഈ സംഭവത്തില്‍ ക്രിക്കറ്റ് ലോകം പൊതുവെ രണ്ടു തട്ടിലാകുന്നതും ഒരുവിഭാഗം അശ്വിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുന്നതും നാം കണ്ടു. അതിന്റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ലെന്നതാണ് സത്യം.

ഇതിനിടെ, ഒരു ക്രിക്കറ്റ് വെബ്‌സൈറ്റിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഓസ്‌ട്രേലിയയുടെ മുന്‍ താരം ഗ്ലെന്‍ മഗ്രോയും മങ്കാദിങ്ങിനെ പ്രതികൂലിച്ചിരുന്നു. മഗ്രോയോട് 25 ചോദ്യങ്ങള്‍ എന്ന രീതിയില്‍ അവതരിപ്പിച്ച ചോദ്യോത്തര സെഷനില്‍ ഒരു ചോദ്യം മങ്കാദിങ്ങിനെക്കുറിച്ചായിരുന്നു. ഇതിനോടു പ്രതികരിക്കുമ്പോഴാണ് മഗ്രോ മങ്കാദിങ്ങിനെ പ്രതികൂലിച്ചത്.

മഗ്രോയോടുള്ള ചോദ്യം ഇങ്ങനെ: ലോകകപ്പ് ഫൈനലാണെന്ന് സങ്കല്‍പ്പിക്കുക. നിങ്ങള്‍ക്ക് ജയിക്കാന്‍ ഒരു വിക്കറ്റ് കൂടി വേണം. എതിര്‍ ടീമിന് രണ്ടു റണ്‍സും. ഇത്തരമൊരു ഘട്ടത്തില്‍ മങ്കാദിങ്ങിലൂടെ എതിരാളിയെ പുറത്താക്കാന്‍ അവസരം ലഭിച്ചാല്‍ പ്രയോജനപ്പെടുത്തുമോ? – ഇതായിരുന്നു ചോദ്യം. ‘ഇല്ല’ എന്നായിരുന്നു മഗ്രോയുടെ ഉത്തരം.

മഗ്രോയുമായുള്ള ചോദ്യോത്തര വേളയിലെ ഈ ഒരു ചോദ്യവും അദ്ദേഹത്തിന്റെ ഉത്തരവും മാത്രമെടുത്ത അഹമ്മദ് എന്നൊരാള്‍ രവിചന്ദ്രന്‍ അശ്വിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു. മങ്കാദിങ്ങിലൂടെ വിവാദനായകനായ അശ്വിനിട്ട് ഒരു ‘കുത്താ’ണ് ഉദ്ദേശിച്ചതെന്ന് വ്യക്തം. എന്നാല്‍, അശ്വിന് അതത്ര പിടിച്ചില്ല. അശ്വിന്റെ മറുപടി ഇങ്ങനെ:

‘സര്‍, ക്രിക്കറ്റ് കളിച്ചിട്ടുള്ളവരില്‍ വച്ച് ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് മഗ്രോ. ഈ ചോദ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തെ ഏറ്റവും ബഹുമാനത്തോടെ തന്നെ കാണുന്നു. പക്ഷേ, അദ്ദേഹം പറഞ്ഞത് മാത്രമാണ് ശരിയെന്ന് എന്നില്‍ അടിച്ചേല്‍പ്പിക്കുന്നത് നിങ്ങളുടെ ഭാഗത്തുനിന്നുള്ള പിഴവാണ്’ – അശ്വിന്‍ കുറിച്ചു.

ഇനി അന്ന് സംഭവിച്ചതെന്തെന്ന് നോക്കാം. രാജസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ക്രിസ് ഗെയ്!ലിന്റെ അര്‍ധസെഞ്ചുറി കരുത്തില്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങില്‍ ജോസ് ബട്‌ലര്‍ – അജിങ്ക്യ രഹാനെ സഖ്യത്തിന്റെ കരുത്തില്‍ വിജയമുറപ്പിച്ചു മുന്നേറുമ്പോഴായിരുന്നു രാജസ്ഥാന്റെ നടുവൊടിച്ച് അശ്വിന്റെ മങ്കാദിങ്. 13–ാം ഓവറിന്റെ അഞ്ചാം പന്ത് എറിയാന്‍ അശ്വിന്‍ തയാറെടുക്കുമ്പോള്‍ 12.3 ഓവറില്‍ ഒരേയൊരു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് എന്ന നിലയിയിലായിരുന്നു രാജസ്ഥാന്‍. 44 പന്തും ഒന്‍പതു പന്തും ബാക്കിനില്‍ക്കെ അവര്‍ക്കു വിജയത്തിലേക്കു വേണ്ടിയിരുന്നത് 77 റണ്‍സ് മാത്രം.

എന്നാല്‍ അഞ്ചാം പന്ത് എറിയാനെത്തിയ അശ്വിന്‍ റണ്ണപ്പിനുശേഷം ആക്ഷനു തുടക്കമിട്ടെങ്കിലും ഇടയ്ക്കുവച്ച് നിര്‍ത്തി. ഈ സമയം നോണ്‍ സ്‌െ്രെടക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ബട്‌ലര്‍ അശ്വിനെ ശ്രദ്ധിക്കാതെ ക്രീസിലുള്ള സഞ്ജുവിനെ മാത്രം നോക്കി പതുക്കെ ക്രീസിനു പുറത്തേക്കു നീങ്ങിത്തുടങ്ങിയിരുന്നു. ബോളിങ് ആക്ഷന്‍ പാതിവഴിക്ക് നിര്‍ത്തിയ അശ്വിന്‍, ബട്‌ലര്‍ ക്രീസിനു പുറത്താണെന്ന് ഉറപ്പാക്കി സ്റ്റംപിളക്കി. ശേഷം ഔട്ടിന് അപ്പീല്‍ ചെയ്തു.

അശ്വിനുമായി ബട്‌ലര്‍ ഏറെ നേരം തര്‍ക്കിച്ചെങ്കിലും റീപ്ലേയില്‍ ബട്!ലര്‍ ക്രീസിനു പുറത്തായിരുന്നുവെന്ന് വ്യക്തമായതോടെ അംപയര്‍ ഔട്ട് അനുവദിച്ചു. അനിഷ്ടം തുറന്നു പ്രകടിപ്പിച്ചാണ് ബട്!ലര്‍ മൈതാനം വിട്ടത്. 43 പന്തു നേരിട്ട ബട്‌ലര്‍ 10 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 69 റണ്‍സാണെടുത്തത്‌

pathram:
Related Post
Leave a Comment