പ്രവാസി മലയാളികളെ തിരികെ കൊണ്ടു വരാന്‍ കഴിയില്ലെന്ന് കേന്ദ്രം; സ്വീകരിക്കാന്‍ കേരളം തയ്യാറാണെങ്കിലോയെന്ന് ഹൈക്കോടതി

കൊച്ചി: പ്രവാസി മലയാളികളെ തിരികെ കൊണ്ടു വരുന്ന കാര്യത്തില്‍ ഒരു സംസ്ഥാനത്തെ മാത്രമായി പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ അറിയിച്ചു. ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഉടനെ തിരികെ എത്തിക്കാന്‍ നിലവില്‍ പദ്ധതിയില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ കാര്യത്തില്‍ വിവേചനം കാണിക്കാനാകില്ല.

നിരീക്ഷണം നടത്തി കാലയളവ് പൂര്‍ത്തിയാക്കാതെ ആരെയെങ്കിലും കൊണ്ടുവരുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പ്രത്യേക സാഹചര്യമായതിനാല്‍ എല്ലാ രാജ്യങ്ങളും വീസാ കാലാവധി നീട്ടിയിട്ടുണ്ട്; അതുകൊണ്ടു തന്നെ വിദേശത്തുള്ള പ്രവാസികളുടെ വീസാ കാലാവധി തീരുന്നതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

പ്രവാസി മലയാളികളെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനു മറുപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെടാതെ അവിടേക്ക് മെഡിക്കല്‍ സംഘത്തെ അയക്കാന്‍ കഴിയില്ല. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം പ്രവാസികളെ സ്വീകരിക്കാന്‍ കേരളം തയ്യാറാണെങ്കില്‍ അക്കാര്യം ആലോചിച്ചു കൂടെ എന്നായിരുന്നു കേന്ദ്രത്തോട് കോടതിയുടെ ചോദ്യം. ഗള്‍ഫിലേക്ക് മെഡിക്കല്‍ സംഘത്തെ അയയ്ക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ തീരുമാനമെടുക്കണമെന്നും വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 21 ലേക്ക് മാറ്റിവച്ചിട്ടുണ്ട്.

വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ വളരെ ദുരിതത്തിലാണ്. പ്രവാസികളെ ഇന്ത്യയിലെത്തിക്കാന്‍ എമിറേറ്റ്‌സ് ഫ്‌ലൈറ്റ് തയാറാണ്. ഈ സാഹചര്യത്തില്‍ രോഗമില്ലാത്തവരെ പരിശോധിച്ച് നാട്ടിലെത്തിക്കാന്‍ നടപടിയുണ്ടാകണമെന്നും ആയിരുന്നു കെഎംസിസിയുടെ ആവശ്യം. പ്രത്യേക സാഹചര്യം രാജ്യത്തും മറ്റ് രാജ്യങ്ങളിലും നിലനില്‍ക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളെ ചോദ്യം ചെയ്യനാവില്ലെന്നും നിലവില്‍ കഴിയുന്ന സ്ഥലത്തു തന്നെ ഓരോരുത്തരും തുടരണമെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular