ഏപ്രില്‍ 20 മുതല്‍ നല്‍കുന്ന ഇളവുകള്‍ അറിയാം

തിരുവനന്തപുരം: ഏപ്രില്‍ 20 മുതല്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നതിന് പ്രത്യേകം ക്രമീകരണം ഏര്‍പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടവിട്ട ദിവസങ്ങളില്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും. ഒറ്റ, ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടാന്‍ അനുവദിക്കുന്ന രീതിയിലാണ് ഇളവുകള്‍.

നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ അടക്കം കേടുവരാതിരിക്കാന്‍ ഇടയ്ക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിന് ആഴ്ചയില്‍ ഒരു ദിവസം അനുമതി നല്‍കും. യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്കും പ്രൈവറ്റ് ബസ്, വാഹന വില്‍പനക്കാരുടെ വാഹനങ്ങള്‍ എന്നിവര്‍ക്ക് ഈ അവസരം ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.

ഹോട്‌സ്‌പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. എന്നാല്‍ തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിര്‍ബന്ധമാണ്. തൊഴിലുടമയ്ക്കായിരിക്കും ഇതിന്റെ ചുമതല. വ്യവസായ മേഖലയില്‍ കഴിയുന്നത്ര പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്രമാനദണ്ഡങ്ങള്‍ ഇതിനും ബാധകമാണ്. പ്രത്യേക പ്രവേശന കവാടം വേണം. ജീവനക്കാര്‍ക്കു വാഹന സൗകര്യവും ഏര്‍പെടുത്തണം.

കൂടുതല്‍ ജീവനക്കാരുണ്ടെങ്കില്‍ ഒരു സമയം 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ. റബര്‍ സംസ്‌കരണ യൂണിറ്റുകള്‍ക്കും പ്രവര്‍ത്തന അനുമതി ലഭിച്ചു. ലൈഫ് പദ്ധതി ഉള്‍പ്പെടെ കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാം. തദ്ദേശ സ്ഥാപനങ്ങള്‍ ഇതിന് ആവശ്യമായ അനുമതി നല്‍കണം. കാര്‍ഷിക വൃത്തി എല്ലാ പ്രദേശങ്ങളിലും അനുവദിക്കണം. കാര്‍ഷികോല്‍പന്നങ്ങള്‍ സംഭരിച്ച് മാര്‍ക്കറ്റിലെത്തിച്ചു വില്‍പന നടത്താം. വെളിച്ചെണ്ണ ഉള്‍പ്പെടെ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാം. കാര്‍ഷികമൂല്യ വര്‍ധിക ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ക്കും അനുമതിയായി.

അക്ഷയ സെന്ററുകള്‍ തുറക്കാം. പഞ്ചായത്ത് ഓഫിസുകളും വില്ലേജ് ഓഫിസുകളും കൃഷി ഭവനുകളും തുറക്കണം. ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, ഫിസിയോതെറപ്പി യൂണിറ്റുകള്‍ തുറക്കാം. തദ്ദേശ സ്ഥാപനങ്ങള്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്, ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ ഒരുക്കണം. ഡോക്ടര്‍മാര്‍ക്ക് വീടുകളിലെത്തി രോഗികളെ പരിശോധിക്കാന്‍ വാഹനസൗകര്യം നല്‍കും. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. എസി പാടില്ല. രണ്ടുപേരില്‍ കൂടുതല്‍ കടയിലുണ്ടാകരുതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7