കര്‍ണാടക സര്‍ക്കാരിന്റെ അനുമതിയോടെ ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട പൂര്‍ണഗര്‍ഭിണിക്ക് ദുരിതയാത്ര. വയനാട് മുത്തങ്ങ ചെക്‌പോസ്റ്റില്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും കടത്തിവിട്ടില്ല. തുടര്‍ന്ന് മൈസൂരുവിലെ ബന്ധുവീട്ടിലേക്കു മടങ്ങുന്നതിനിടെ വഴിതെറ്റി രാത്രി മുഴുവന്‍ കാറില്‍ കഴിയേണ്ടിവന്നു.
കണ്ണൂര്‍ തലശേരി സ്വദേശിനി ഷിജിലയ്ക്കും കുടുംബത്തിനുമാണ് ദുരിതയാത്രയുടെ അനുഭവം. കര്‍ണാടകയില്‍ നിന്ന് അധികൃതരുടെ അനുമതിയോടെയാണ് കേരളത്തിലേക്ക് പുറപ്പെട്ടതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല എന്ന് പറഞ്ഞു മുത്തങ്ങ ചെക്‌പോസ്റ്റില്‍ നാലംഗ കുടുംബത്തെ തടയുകയായിരുന്നു.
കണ്ണൂര്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അനുമതി ലഭിച്ചാല്‍ കടത്തി വിടുമെന്ന് ചെക്‌പോസ്റ്റ് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ മൈസൂരിവിലുള്ള ബന്ധുവീട്ടിലേക്കു പോകാന്‍ തീരുമാനിച്ചു. എന്നാല്‍ രാത്രി വഴി തെറ്റിയതോടെ കൊല്ലഗല്‍ എന്ന സ്ഥലത്തു പെട്രോള്‍ പമ്പില്‍ കാറില്‍ കഴിയേണ്ടി വന്നു.
എന്നാല്‍ ഗര്‍ഭിണിയെ കടത്തിവിടാന്‍ സാധിക്കില്ലെന്നു വയനാട് കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ലംഘിക്കാനാവില്ല. മൂന്നു പേര്‍ക്കാണ് കര്‍ണാടക പാസ് നല്‍കിയിരുന്നത്. എന്നാല്‍ കാറില്‍ എത്തിയത് അഞ്ച് പേരാണെന്നും കലക്ടര്‍ പറഞ്ഞു.
ഇവരെ കടത്തി വിടുന്ന കാര്യത്തില്‍ ഇന്ന് രാവിലെയും തീരുമാനമായില്ലെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുല്ല അറിയിച്ചു. ഇത് സംബന്ധിച്ച് ഒരു നിര്‍ദേശവും ലഭിച്ചില്ല.
പെണ്‍കുട്ടിയോടൊപ്പം ആവശ്യത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നും ചീഫ് സെക്രട്ടറി തലത്തില്‍ തീരുമാനം വരണമെന്നും ജില്ലാ കളക്ടര്‍ പറയുന്നു. ലോക്ക്ഡൗണ്‍ സമയത്ത് ബംഗലൂരുവില്‍ തന്നെ തുടരുകയായിരുന്നു വേണ്ടതെന്നും കളക്ടര്‍ പറയുന്നു.