പത്തനംതിട്ട : സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു പുറമേ രാജ്യത്തെ എല്ലാ സ്വകാര്യ മെഡിക്കല്‍ കോളജുകളിലും കൊറോണ പരിശോധന ആരംഭിക്കാന്‍ അനുമതി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) തീരുമാനം. ഇന്ത്യയുടെ പല ഭാഗങ്ങളിലും വൈറസ് പടരുന്ന സാഹചര്യത്തിലാണ് നടപടി.
ഇതനുസരിച്ച് കേരളത്തിലെ 23 സ്വകാര്യ മെഡിക്കല്‍ കോളജുകളിലും എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ലാബുകള്‍ തുറക്കാന്‍ കഴിയും. ഇതുവരെ വൈറോളജി ലാബ് തുറക്കാത്ത പത്തനംതിട്ട, കൊല്ലം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകള്‍ക്ക് ഇത് പ്രയോജനം ചെയ്യും.
തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ പത്തിടങ്ങളിലാണ് കേരളത്തില്‍ കോവിഡ് പരിശോധനയ്ക്ക് നിലവില്‍ സൗകര്യം. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം എറണാകുളം, കോട്ടയം, മഞ്ചേരി, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലും കഴിഞ്ഞ ദിവസം മുതല്‍ പരിശോധന ആരംഭിച്ചിരുന്നു.
നിംസ് മെഡിസിറ്റി ഉള്‍പ്പെടെ മൂന്നു സ്വകാര്യ ലാബുകള്‍ക്കും അംഗീകാരം നല്‍കി. 23 മെഡിക്കല്‍ കോളജുകളില്‍ കൂടി ലാബ് അനുവദിക്കുന്നതോടെ സംസ്ഥാനത്ത് ഏകദേശം 36 ലാബുകളിലായി പ്രതിദിനം ആര്‍ടിപിസിആര്‍ രീതിയില്‍ പരിശോധിക്കാവുന്ന സാംപിളുകളുടെ എണ്ണം ഏകദേശം 40005000 ആയി ഉയരും. ലോക്ഡൗണ്‍ കാലാവധിക്കു ശേഷവും വരും മാസങ്ങളിലെ രോഗനിയന്ത്രണത്തിന് ഇത് ഏറെ സഹായകമാകും. എന്‍എബിഎല്‍ അംഗീകാരം കിട്ടുന്ന മുറയ്ക്കാവും പ്രവര്‍ത്തനം തുടങ്ങുക.
ആലപ്പുഴ വൈറോളജി ലാബില്‍ പ്രതിദിനം 300 സാമ്പിളുകള്‍ വരെ പരിശോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തുടക്കമിടുന്ന പുതിയ ലാബുകളില്‍ പ്രതിദിനം കുറഞ്ഞത് 100 സാമ്പിളുകള്‍ വരെ പരിശോധിക്കാനാവും. തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിക്കാണ് കേരളം, ലക്ഷദ്വീപ്, ആന്‍ഡമാന്‍സ് എന്നിവിടങ്ങളിലെ ലാബ് വിപുലീകരണ ചുമതല.
രാജ്യത്ത് നിലവില്‍ ഏകദേശം 150 സര്‍ക്കാര്‍ വൈറോളജി ലാബുകളിലും 69 സ്വകാര്യ ലാബുകളിലുമാണ് പരിശോധനാ സൗകര്യമുള്ളത്. മെഡിക്കല്‍ കോളജുകളെക്കൂടി ചേര്‍ക്കുന്നതോടെ ഏകദേശം നാനൂറോളം വൈറോളജി ലാബുകള്‍ സജ്ജമാകും. 70 സ്വകാര്യ ലാബുകള്‍ കൂടി ചേര്‍ത്താല്‍ 470 ലാബുകള്‍. രാജ്യത്താകെ പ്രതിദിനം അരലക്ഷത്തിലേറെ സാംപിളുകള്‍ പരിശോധിക്കാനാവുന്നതോടെ രോഗവ്യാപനം കണ്ടെത്താനും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനുമാകും.