52കാരിയായ നെയ്മറിന്റെ അമ്മ 22കാരനുമായി ഡേറ്റിങ്ങില്‍; അമ്മയുടെ പുതിയ പങ്കാളിക്ക് നെയ്മറിനേക്കാള്‍ ആറ് വയസ് കുറവ്

ബ്രസീലിന്റെയും പി എസ് ജിയുടെയും താരം നെയ്മറിന്റെ മാതാവ് നദീനെ ഗോണ്‍സാല്‍വസ് സാന്തോസ് മകനേക്കാള്‍ ആറു വയസ്സിന് ഇളയ യുവാവുമായി ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്. കംപ്യൂട്ടര്‍ ഗെയിമറും മോഡലുമായ തിയാഗോ റാമോസാണ് നെയ്മറിന്റെ അമ്മയുടെ പുതിയ പങ്കാളി. 52കാരിയായ നദീനെ ഗോണ്‍സാല്‍വസിന്റെ പങ്കാളിയുടെ പ്രായം 22 വയസ് മാത്രം.

ഇരുവരുമൊന്നിച്ചുള്ള ചിത്രം ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ചില കാര്യങ്ങള്‍ വിശദീകരിക്കാനാവില്ല, ജീവിക്കാനേ സാധിക്കൂ എന്ന കുറിപ്പോടെയാണ് നെയ്മറിന്റെ മാതാവ് ചിത്രം പങ്കുവെച്ചത്. നെയ്മറിന്റെ പിതാവ് വാഗ്‌നര്‍ റിബെയ്‌റോയുമായി 2016 മുതല്‍ പിരിഞ്ഞുതാമസിക്കുകയാണ് നദീനെ ഗോണ്‍സാല്‍വസ്.

പുതിയ ബന്ധത്തിന്റെ കാര്യം വെളിപ്പെടുത്തി നദീനെ ഗോണ്‍സാല്‍വസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു ചുവട്ടില്‍ ആശംസകളറിയിച്ചവരില്‍ മകന്‍ നെയ്മര്‍ ജൂനിയറുമുണ്ട്. അമ്മ സന്തോഷമായിരിക്കൂ, സ്‌നേഹം മാത്രം എന്നായിരുന്നു നെയ്മറിന്റെ കമന്റ്. മുന്‍ ഭര്‍ത്താവ് വാഗ്‌നര്‍ റിബെയ്‌റോയും ഇമോജിയിലൂടെ ആശംസയറിയിച്ചു.

ബ്രസീലിലെ പെര്‍നാംബുകോ സ്വദേശിയായ തിയാഗോ റാമോസ് നദീനെയുമായി പരിചയത്തിലാകുന്നതിനു മുന്‍പുതന്നെ നെയ്മറിന്റെ കടുത്ത ആരാധകനായിരുന്നുവെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരാധന മൂത്ത് 2017ല്‍ തിയാഗോ റാമോസ് നെയ്മറിന് സന്ദേശവും അയച്ചിരുന്നു. താങ്കളേപ്പോലൊരു മികച്ച കളിക്കാരന്റെ ആരാധകനായിരിക്കുന്നതിന്റെ സന്തോഷം വിവരിക്കാന്‍ വാക്കുകളില്ലെന്നും കളിക്കളത്തില്‍ താങ്കളുടെ പ്രകടനം എന്നും എന്നെ വല്ലാതെ പ്രചോദിപ്പിക്കാറുണ്ടെന്നുമായിരുന്നു റോമോസിന്റെ സന്ദേശം.

നമ്മള്‍ ഒരിക്കല്‍ കണ്ടുമുട്ടുമെന്നും ഒരു ദിവസം സഹോദരങ്ങളേപ്പോലെ ചേര്‍ന്നിരുന്ന് ഈ സന്ദേശം വായിക്കാമെന്നും ഒരുമിച്ചു ഫുട്‌ബോള്‍ കളിക്കാമെന്നും പ്രതീക്ഷിക്കുന്നുവെന്നും റാമോസ് അന്ന് എ!ഴുതിയിരുന്നു. ലക്ഷ്യങ്ങള്‍ക്കു പിന്നാലെ പോകുന്ന സ്വപ്ന ജീവിയെന്ന് സ്വയം വിശേഷിപ്പിച്ച റാമോസ് അടുത്തിടെ നെയ്മറിന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular