ലോക്ഡൗണ്‍ കാരണം പട്ടിണിയിലായതിനെ തുടര്‍ന്ന് വീട്ടമ്മ അഞ്ച് മക്കളെ പുഴയിലെറിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലെ ജഹാംഗിറാബാദിലാണ് സംഭവം. ഗംഗാ നദിയില്‍ എറിഞ്ഞ കുട്ടികളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തിരച്ചില്‍ തുടരുകയാണെന്നാണു വിവരം. മാനസികമായി അസ്വാസ്ഥ്യമുള്ള വീട്ടമ്മയാണു കുട്ടികളുമായി പുഴക്കരയിലെത്തി ക്രൂരത ചെയ്തത്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു കാരണം ദിവസങ്ങളായി ഇവര്‍ ഭക്ഷണം കഴിച്ചിട്ട്. കൂലി വേല ചെയ്തു ജീവിക്കുന്നവരാണ് കുടുംബം. പണം കിട്ടാതെ വന്നതോടെയാണ് കുട്ടികളെ ഇല്ലാതാക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം,സംഭവത്തെക്കുറിച്ച് പൊലീസ് മറ്റൊരു തരത്തിലാണു പ്രതികരിച്ചത്. ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വീട്ടമ്മ അഞ്ച് കുട്ടികളെ ഗംഗാ നദിയില്‍ എറിഞ്ഞതെന്ന് പൊലീസ് പറയുന്നു. അമ്മയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗോപിഗഞ്ച് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ജഹാംഗിറാബാദ് ഗ്രാമത്തിലാണ് സംഭവമെന്ന് എസ്പി റാം ബദന്‍ സിങ് പറഞ്ഞു. മഞ്ജു യാദവും ഭാര്യ മൃദുല്‍ യാദവും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഇതില്‍ മനംമടുത്താണ് ഇവര്‍ കഴിഞ്ഞദിവസം രാത്രി മക്കളുമായി പുഴക്കരയിലെത്തിയത്. ആരതി, സരസ്വതി, മാതേശ്വരി, ശിവശങ്കര്‍, കേശവ് പ്രസാദ് എന്നിവരെയാണു പുഴയില്‍ എറിഞ്ഞത്. വളരെ ആഴമുള്ള പ്രദേശത്താണു കുട്ടികളെ എറിഞ്ഞത്.