ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച യുവതിയെ ഡോക്റ്റര്‍ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പരാതി. ബീഹാറിലെ ഗയയിലാണ് സംഭവം. ഗയയിലെ മെഡിക്കല്‍ കോളജില്‍ കൊവിഡ് സംശയിച്ച് ഐസൊലേറ്റ് ചെയ്ത യുവതി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതിനു ശേഷം കടുത്ത രക്തസ്രാവത്തെ തുടര്‍ന്നാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നില്‍ ആശുപത്രിയിലെ ഡോക്റ്ററാണെന്നും അയാള്‍ യുവതിയെ രണ്ട് ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ചു എന്നുമാണ് വീട്ടുകാരുടെ പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡെക്കാന്‍ ഹെരാള്‍ഡ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.
മാര്‍ച്ച് 25നാണ് പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് ഭര്‍ത്താവിനൊപ്പം യുവതി ഗയയിലേക്ക് വന്നത്. 2 മാസം ഗര്‍ഭിണിയായിരുന്ന അവര്‍ ലുധിയാനയില്‍ വെച്ച് അബോര്‍ഷനു വിധേയയായിരുന്നു. ഗയയില്‍ എത്തിയപ്പോള്‍ തന്നെ കനത്ത രക്തസ്രാവം അനുഭവപ്പെട്ട ഇവരെ മാര്‍ച്ച് 27ന് ഗയയിലെ അനുഗ്രഹ് നരേന്‍ മഗധ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കൊറോണ ബാധയുണ്ടാവാമെന്ന് സംശയിച്ച യുവതിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ നാലിന് അവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. വീട്ടില്‍ എത്തിയതിനു ശേഷം ഭയന്ന്, ഒറ്റക്കിരുന്ന യുവതിയോട് വിവരങ്ങള്‍ അന്വേഷിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന് വെളിപ്പെടുത്തുകയായിരുന്നു എന്ന് ഭര്‍തൃമാതാവ് പറയുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ ഏപ്രില്‍ 2, 3 ദിവസങ്ങളിലെ രാത്രികളില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് വീട്ടുകാര്‍ പറയുന്നത്. ഏപ്രില്‍ 6നാണ് യുവതി മരണപ്പെട്ടത്.
പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ പ്രതിയെ കണ്ടെത്താനായിട്ടില്ല. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.