സ്‌കൂള്‍ ഫീസ് വാങ്ങരുത്; ആളില്ലാത്ത വീടുകളുടെയും ഫ്‌ലാറ്റുകളുടെയും കണക്കെടുക്കുന്നു; സര്‍ക്കാരിന്റെ പുതിയ നടപടികള്‍…

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലയളവില്‍ അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ ഫീസ് വാങ്ങരുത്. ആള്‍താമസമില്ലാത്ത വീടുകളുടേയും ഫ്‌ലാറ്റുകളുടേയും കണക്കെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചു. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാനാണിത്. ഹോസ്റ്റലുകളില്‍ താമസിക്കുന്ന ചില വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍പോകാന്‍ കഴിഞ്ഞിട്ടില്ല. ഈ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ ഫീസ് ഒഴിവാക്കി.

പ്രിന്റിങ് പ്രസുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ദിവസം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. തേനീച്ച കര്‍ഷകര്‍ക്ക് തോട്ടങ്ങളില്‍ പോകാന്‍ നിബന്ധനകളോടെ അനുമതി നല്‍കി. ഹോം നഴ്‌സുമാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തും. കേരളത്തിലേക്കു വരുന്ന എല്ലാ വാഹനങ്ങളും അണുവിമുക്തമാക്കും. ടണല്‍ വഴി കടന്ന് അണുവിമുക്തമാക്കുന്നത് അശാസ്ത്രീയമാണ്. ഇത്തരം സജ്ജീകരണം പാടില്ലെന്ന് കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.

കേരള സര്‍ക്കാര്‍ കരാര്‍ നല്‍കിയ സ്പിംഗ്ലര്‍, പിആര്‍ കമ്പനി അല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. കമ്പനി സംസ്ഥാന സര്‍ക്കാരിനു നല്‍കുന്ന സേവനത്തിന് പൈസ നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന്റെ മറവില്‍ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നതായി പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. സ്പിംഗ്ലര്‍ കമ്പനിയുടെ സ്ഥാപകന്‍ മലയാളിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയോധികരായ മാതാപിതാക്കളുടെ സുരക്ഷയ്ക്ക് കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ട് ബോധ്യം അദ്ദേഹത്തിനുണ്ട്. അതിനാലാണ് കേരളത്തിന് സഹായം നല്‍കിയത്.

ഐടി വകുപ്പിന്റെ സോഫ്റ്റുവെയര്‍ സേവനദാതാവാണ് ഈ കമ്പനി. ശേഖരിക്കുന്ന ഡാറ്റ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഇന്ത്യയിലെ സര്‍വറുകളില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഈ കമ്പനിയുടെ സേവനം ലോകാരോഗ്യ സംഘടനയും ഉപയോഗിക്കുന്നുണ്ട്. കരാര്‍ നല്‍കാന്‍ ടെന്‍ഡര്‍ വിളിച്ചോ എന്ന ചോദ്യത്തിന്, അതുസംബന്ധിച്ച് മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അത്തരമൊരു പരിശോധനയിലേക്ക് ഈ ഘട്ടത്തില്‍ കടക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഈസ്റ്റര്‍ദിനത്തില്‍ റേഷന്‍ ഷോപ്പുകള്‍ക്ക് അവധിയായിരിക്കും. കാസര്‍കോട് കടകള്‍ തുറക്കുന്നത് 11 മണിക്കായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7