തിരുവനന്തപുരം: കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ വേണ്ടി മാത്രം എല്ലാ ദിവസവും രാവിലെ കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശരിയല്ല. വിമര്‍ശിക്കാന്‍ വേണ്ടി മാത്രം സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രീതി പ്രതിപക്ഷം നിര്‍ത്തണമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ക്രിയാത്മകമായ പദ്ധതികളുമായി സഹകരിക്കുകയാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ഇപ്പോള്‍ ചെയ്യേണ്ടത്. ഭക്ഷണപ്പൊതി വിതരണം, പച്ചക്കറി കിറ്റ് വിതരണം, മരുന്ന് വിതരണം, മാസ്‌ക് വിതരണം തുടങ്ങി നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി. കേരളത്തില്‍ അങ്ങോളമിങ്ങോളം ചെയ്യുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
ഇതിനു പകരം പ്രതിപക്ഷം എന്നും രാവിലെ വന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുക എന്ന അജണ്ട മാത്രമാണ് നടപ്പാക്കുന്നത്. ക്രിയാത്മകമായ നിലപാടല്ല മറിച്ച് നിഷേധാത്മകമായ നിലപാടാണ് കേരളത്തിലെ പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്ന അതേ നിലപാടാണ് കേരളത്തില്‍ സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തലയും സ്വീകരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ മികച്ച നടപടികളാണ് കൈക്കൊള്ളുന്നത്. നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ സര്‍ക്കാര്‍ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. അതിനിടയ്ക്ക് തോമസ് ഐസക്കിനെ പോലെയുള്ളവര്‍ ഭിന്നിപ്പിന്റെ രാഷ്ട്രീയം കാണിക്കുന്നുമുണ്ട്. എല്ലാ കാര്യങ്ങളിലും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രീതിയും ശരിയല്ല എന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം കോവിഡ് രോഗികളുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനിയ്ക്ക് കൈമാറുന്നത് അപകടരമാണെന്ന് കെ. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും സര്‍ക്കാര്‍ എല്ലാ ദിവസവും നടത്തുന്നുണ്ട് എന്നാല്‍ ഈ പ്രഖ്യാപനങ്ങളെല്ലാം നടപ്പിലാകുന്നുണ്ടോ എന്നത് അറിയാനുള്ള സംവിധാനമില്ല എന്നത് ഒരു പോരായ്മയാണെന്നും കെ. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.