രാജ്യത്ത് കൊവിഡ് സമൂഹവ്യാപന സൂചന നല്‍കി ഐസിഎംആര്‍ റിപ്പോര്‍ട്ട്. 20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ടാംഘട്ട റാന്‍ഡം ടെസ്റ്റിലൂടെയാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് 199 പേരാണ് മരിച്ചിരിക്കുന്നത്. 6412 പേരെയാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 12 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 30 പേരാണ്. 547 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,364 ഉം, മരണസംഖ്യ 97 ആയി ഉയര്‍ന്നു. മുംബൈയിലും പൂനെയിലും സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. മുംബൈയില്‍ ഒമ്പതും പൂനെയില്‍ ആറ് മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ധാരാവി അടക്കമുള്ള ജനസാന്ദ്രതയുള്ള മേഖലകളില്‍ രോഗം വ്യാപിക്കുന്നതിന്റെ ആശങ്കയിലാണ് സര്‍ക്കാര്‍. ഹോട്ട്‌സ്‌പോട്ടുകള്‍ കണക്കാക്കിയ മുംബൈയിലെ 381 ഇടങ്ങള്‍ അടച്ചിട്ടു. തിങ്ങി നിറഞ്ഞ സ്ഥലത്ത് താമസിക്കുന്ന ആളുകളെയൊക്കെ സാമൂഹ്യ അകലം പാലിക്കാനായി സ്‌കൂളുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി അറിയിച്ചു. ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ദക്ഷിണകൊറിയയില്‍ നിന്നെത്തിക്കാന്‍ മുംബൈ കോര്‍പ്പറേഷന്‍ തീരുമാനിച്ചു.