മുംബൈ: ലോക്ഡൗണിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്കു മാപ്പ് ചോദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ല, എല്ലാവരും സഹകരിക്കണം. രോഗം ആദ്യം പടര്‍ന്ന ചൈനയില്‍ സ്ഥിതി ഏറെ മെച്ചപ്പെടുന്നതിന്റെ ചിത്രങ്ങളാണ് നാം ഇപ്പോള്‍ കാണുന്നത്. കാത്തിരിപ്പിനു ഫലം ഉണ്ടാകാതിരിക്കില്ല– അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ ആദ്യത്തെ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ഒരു മാസമായി. പരിശോധനാ സംവിധാനങ്ങള്‍ മെച്ചപ്പെട്ടതിനാലാണ് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കു രോഗം കണ്ടെത്താനാകുന്നത്. രോഗികളുടെ എണ്ണത്തിന്റെ ഗ്രാഫ് കുറഞ്ഞുവരുന്നത് തനിക്കു കാണണം. അതിന് എല്ലാവരുടെയും ശ്രമവും സഹകരണവും ഉണ്ടാകണം. പരമാവധി ആളുകള്‍ വീടുകളില്‍ തന്നെ കഴിയണം. രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്‌രോഗം എന്നിവയടക്കമുള്ളവരും മുതിര്‍ന്ന പൗരന്‍മാരും ഇക്കാര്യം പ്രത്യേകം ഓര്‍ക്കണം.
ചികിത്സാ സംവിധാനങ്ങളുടെ പോരായ്മകള്‍ ലോകം മുഴുവനുമുണ്ട്. എല്ലാ രാജ്യങ്ങളും നേരിടുന്ന പ്രശ്‌നമാണത്. വെന്റിലേറ്ററുകള്‍, പിപിഇ കിറ്റുകള്‍, മാസ്‌കുകള്‍ എന്നിവയുടെ ലഭ്യതക്കുറവ് വെല്ലുവിളിയാണ്. എങ്കിലും പരമാവധി ലഭ്യമാക്കാന്‍ നമുക്കു കഴിയുന്നുണ്ട്. മരുന്നിനു വേണ്ടി യുഎസ് ഇന്ത്യയോട് അഭ്യര്‍ഥിക്കുന്ന സ്ഥിതിയാണ്. എന്നാല്‍, ആരും ആശങ്കപ്പെടേണ്ടതില്ല. ഇതര സംസ്ഥാനക്കാരായ 5 ലക്ഷത്തിലേറെ പേര്‍ക്ക് മഹാരാഷ്ട്ര അഭയവും ഭക്ഷണവും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.