ഈ സഹായം അമേരിക്ക ഒരിക്കലും മറക്കില്ല; ഇന്ത്യയ്ക്ക് നന്ദി

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി ഭാഗികമായി പുനസ്ഥാപിച്ച ഇന്ത്യയുടെ നടപടിയില്‍ നന്ദി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസിനെതിരേയുള്ള യുദ്ധത്തില്‍ ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിച്ച നരേന്ദ്ര മോദിയുടെ നേതൃപാടവത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നതായും ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

”ഇന്ത്യക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി. ഈ സഹായം അമേരിക്ക ഒരിക്കലും മറക്കില്ല. നന്ദി പ്രധാനമന്ത്രി മോദി. താങ്കളുടെ ശക്തമായ നേതൃത്വം ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിക്കുന്നു”. ട്രംപ് ട്വീറ്റ് ചെയ്തു. ഇത്തരം അസാധാരണമായ സാഹചര്യങ്ങളില്‍ സുഹൃത്തുക്കള്‍ തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്നും ഇന്ത്യഅമേരിക്ക ബന്ധത്തെ സൂചിപ്പിച്ച് ട്രംപ് കൂട്ടിച്ചേര്‍ത്തു.

മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ അമേരിക്കയ്ക്ക് നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നും കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു.

29 മില്ല്യണ്‍ ഡോസ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകളാണ് ഗുജറാത്തില്‍നിന്ന് അമേരിക്കയിലേക്ക് കയറ്റി അയച്ചത്. മരുന്നുകളുടെ കയറ്റുമതി ഇന്ത്യ പുനസ്ഥാപിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് നേരത്തെ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിന്‍വലിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7