ലോകാരോഗ്യ സംഘടനയെയും ഭീഷണിപ്പെടുത്തി ട്രംപ്

വാഷിങ്ടന്‍: കോവിഡ് മഹാമാരിയില്‍ ലോകാരോഗ്യ സംഘടനയെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡിനെ നിയന്ത്രിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ സംഘടന നല്‍കിയില്ല. എപ്പോഴും ചൈനയുടെ പക്ഷത്താണ് ലോകാരോഗ്യ സംഘടന നില്‍ക്കുന്നത്. അവര്‍ ചെയ്തതു തെറ്റാണെന്നറിഞ്ഞിട്ടും നിലപാട് മാറ്റുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. സംഘടനയ്ക്കുള്ള യുഎസിന്റെ ധനസഹായം തല്‍ക്കാലം നിര്‍ത്തിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ട്രംപ് അറിയിച്ചു.

58 മില്യന്‍ ഡോളറാണു സംഘടനയ്ക്കു യുഎസ് ഒരോ വര്‍ഷവും നല്‍കിവരുന്നത്. ട്വിറ്ററിലൂടെയാണ് കടുത്ത വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് രംഗത്തെത്തിയത്. ‘ചില കാരണങ്ങളാല്‍ ലോകാരോഗ്യ സംഘടനയ്ക്ക് പ്രധാനമായും ധനസഹായം നല്‍കുന്നത് യുഎസ്സാണ്. എന്നിട്ടും അവര്‍ ചൈനാ കേന്ദ്രീകൃതമാണ്. ഭാഗ്യവശാല്‍ ഞങ്ങളുടെ അതിര്‍ത്തികള്‍ ചൈനയ്ക്കായി തുറന്നിടണമെന്ന അവരുടെ ഉപദേശം ഞാന്‍ നേരത്തെ തള്ളി. എന്തുകൊണ്ടാണ് അവര്‍ ഞങ്ങള്‍ക്കു തെറ്റായ ഉപദേശം നല്‍കിയത്..?’ – ട്രംപ് ട്വിറ്ററില്‍ ചോദിച്ചു.

ട്രംപിന്റെ ആരോപണങ്ങളെ തള്ളി ലോകാരോഗ്യ സംഘടന രംഗത്തെത്തി. സംഘടന ചൈനാ കേന്ദ്രീകൃതമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന വാദം തെറ്റാണ്. വൈറസ് പൊട്ടിപുറപ്പെട്ടത് എങ്ങനെയാണെന്നു മനസ്സിലാക്കാന്‍ ചൈനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. അതിനു മറ്റ് അര്‍ഥങ്ങളൊന്നും കല്‍പ്പിക്കേണ്ടതില്ല. ഒരു മഹാമാരിയെ നേരിടുന്ന സമയത്തല്ല ധനസഹായം നിര്‍ത്തേണ്ടതെന്നും ഡബ്ല്യുഎച്ച്ഒ യൂറോപ്പ് റീജനല്‍ ഡയറക്ടര്‍ ഡോ.ഹാന്‍സ് ക്ലൂഗ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7