ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 9 പേര്‍ക്ക്; കാസര്‍ഗോഡിന് ആശ്വാസം

തിരുവനന്തപുരം: ഇന്നു സംസ്ഥാനത്ത് 9 പേര്‍ക്ക് കോവിഡ് ബാധിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ 4, ആലപ്പുഴ 2, കാസര്‍കോട് 1, പത്തനംതിട്ട 1, തൃശൂര്‍ 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ഇന്നു രോഗം ബാധിച്ചവര്‍. നാലു പേര്‍ വിദേശത്തുനിന്നു വന്നവരാണ്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തതിലൂടെ 2 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 3 പേര്‍ക്കും രോഗം വന്നു. ഇന്ന് 13 കേസുകള്‍ നെഗറ്റീവ് ആയി. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍നിന്ന് 3 പേര്‍ വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ 2 പേര്‍ വീതവും കണ്ണൂരില്‍ ഒരാളുമാണു നെഗറ്റീവായത്.

സംസ്ഥാനത്ത് ആകെ 345 പേര്‍ക്കാണു രോഗം, 259 പേര്‍ ചികിത്സയിലുണ്ട്. 169 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1,40,474 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,39,725 പേര്‍ വീടുകളിലും 749 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 169 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11,986 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 10,906 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി. പിഡബ്ല്യുഡി കണ്ടെത്തിയ 1,73,000 കിടക്കകളില്‍ 1,10,000 ഇപ്പോള്‍തന്നെ ഉപയോഗ്യയോഗ്യമാണ്.

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212 പേരാണ് കേരളത്തിലുള്ളത്. ഇതില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് പകര്‍ച്ചവ്യാധി നേരിടുന്നതിന് കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി 300 കിടക്കകളോടു കൂടിയ ആശുപത്രി സൗകര്യങ്ങള്‍ക്ക് 273 തസ്തികകള്‍ സൃഷിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 20,000 കിറ്റ് ഐസിഎംആര്‍ വഴി നാളെ ലഭിക്കും. കാസര്‍കോട് അതിര്‍ത്തിയില്‍ സജീവമായി ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ ഉണ്ട്. കോവിഡ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ തടസ്സമുണ്ടാവില്ല. അത്യാവശ്യ രോഗികളാണ് അങ്ങോട്ട് പോകേണ്ടത്.

അമേരിക്കയില്‍ ഉള്‍പ്പെടെ നിരവധി മലയാളികള്‍ കോവിഡ് ബാധിച്ചു മരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് ബാധിത രാജ്യങ്ങളില്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ അഞ്ച് കോവിഡ് ഹെല്‍പ് ഡസ്‌ക്കുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം ലഭിക്കും. കേരളത്തിലുള്ള ഡോക്ടര്‍മാരുമായി വിഡിയോ, ഓഡിയോ കോളുകള്‍ നടത്താം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മുതല്‍ ആറ് വരെ സേവനം ലഭിക്കും. കണ്ണടക്കടകള്‍ ആഴ്ചയില്‍ ഒരു ദിവസം തുറക്കാന്‍ അനുവദിക്കും.

ലോക്ഡൗണ്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കരുത്. പിഴയീടാക്കിയാല്‍ മതി. ഉപയോഗിച്ച മാസ്‌കോ ഗ്ലൗസോ വലിച്ചെറിയരുത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. രക്തദാനത്തിനു തയാറുള്ളവര്‍ മുന്നോട്ടു വരണം. മൊബൈല്‍ യൂണിറ്റുകള്‍ വഴി രക്തം സ്വീകരിക്കും. തണ്ണീത്തോട് നിരീക്ഷണത്തിലിരുന്ന പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച കേസില്‍ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള അക്രമികളെ സമൂഹം ഒറ്റപ്പെടുത്തണം.

മത്സ്യത്തിന്റെ കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തും. അഴുകിയ മത്സ്യങ്ങള്‍ പിടിച്ചെടുക്കുന്നുണ്ട്. എന്നാല്‍ എല്ലാ മത്സ്യവും അഴുകിയതാണെന്ന നിഗമനത്തില്‍ വാഹനം കാണുമ്പോള്‍ തന്നെ തടയരുത്. പരിശോധന നടത്തിയ ശേഷമാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. നമ്മുടെ അതിഥി തൊഴിലാളികള്‍ക്ക് കുടൂതല്‍ പ്രധാന്യം നല്‍കുന്നെന്ന പ്രചാരണമുണ്ട്. കഷ്ടത അനുഭവിക്കുന്ന വിഭാഗമാണ് അവരെന്ന് എല്ലാവര്‍ക്കുമറിയാം. അതിഥി ദേവോ ഭവഃ എന്നാണ് എല്ലാക്കാലത്തും സ്വീകരിച്ച നിലപാട്. ഇതു വെറുതെ എഴുതിവയ്ക്കാനുള്ള ഒന്നുമാത്രമല്ല.– മുഖ്യമന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular