മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ലാളിത്യത്തെയും എളിമയെയും പുകഴ്ത്തി സുനില്‍ ഗാവസ്‌കര്‍ രംഗത്ത്. ഒരു ദേശീയ മാധ്യമത്തിലെഴുതിയ കോളത്തിലാണ് വിമാന യാത്രയില്‍ ഉള്‍പ്പെടെ ധോണി പുലര്‍ത്തുന്ന ലാളിത്യത്തെ ഗാവസ്‌കര്‍ പുകഴ്ത്തിയത്. ടീമിന്റെ ക്യാപ്റ്റന് ബിസിനസ് ക്ലാസ്സില്‍ യാത്ര ചെയ്യാന്‍ അംഗീകാരമുണ്ടെങ്കിലും ഇക്കോണമി ക്ലാസിലായിരുന്നു ധോണിയുടെ യാത്രകളിലേറെയുമെന്ന് ഗാവസ്‌കര്‍ വെളിപ്പെടുത്തി. താരങ്ങള്‍ക്കൊപ്പം മികച്ച സൗകര്യത്തില്‍ യാത്ര ചെയ്യുന്നതിനു പകരം മത്സരത്തിന്റെ സംപ്രേക്ഷണ ചുമതലയുള്ള ടിവി ജീവനക്കാര്‍ക്കൊപ്പം യാത്ര ചെയ്യാനായിരുന്നു ധോണിക്ക് ഏറെയിഷ്ടമെന്നും ഗാവസ്‌കര്‍ കുറിച്ചു,
‘ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കൂടുതല്‍ മികവു പുലര്‍ത്തുന്ന താരങ്ങള്‍ക്ക് വിമാന യാത്രകളില്‍ ബിസിനസ് ക്ലാസ് അനുവദിക്കുന്ന രസകരമായ പതിവുണ്ട്. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, നാട്ടില്‍ നടക്കുന്ന പരമ്പരകളുടെ സമയത്ത് ഇരു ടീമുകളുടെയും താരങ്ങള്‍ ഒരു വേദിയില്‍നിന്ന് അടുത്ത വേദിയിലേക്ക് സ്‌പെഷല്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് യാത്ര ചെയ്യുക’ – ഗാവസ്‌കര്‍ എഴുതി.
‘ഇതേ വിമാനത്തില്‍ തന്നെയാകും മത്സരത്തിന്റെ സംപ്രേക്ഷണ ചുമതലയുള്ള ചാനല്‍ ജീവനക്കാരുടെയും യാത്ര. വിമാനത്തില്‍ ബിസിനസ് ക്ലാസ് സീറ്റുകളുടെ എണ്ണം പരിമിതമായതിനാല്‍ ക്യാപ്റ്റന്‍മാരും പരിശീലകരും ടീം മാനേജര്‍മാരുമൊക്കെയാണ് അതില്‍ യാത്ര ചെയ്യുക. മറ്റു താരങ്ങള്‍ക്ക് ഇക്കോമണി ക്ലാസാണെങ്കിലും തൊട്ടു മുന്‍പുള്ള മത്സരത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങള്‍ക്കുകൂടി ബിസിനസ് ക്ലാസ് യാത്ര അനുവദിക്കുന്നതാണ് ടീമിലെ പതിവ്.’
‘പക്ഷേ, മഹേന്ദ്രസിങ് ധോണി ടീമിന്റെ നായകനായിരുന്ന കാലത്തും തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന കാലത്തും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പകരം ടെലിവിഷന്‍ ജീവനക്കാര്‍ക്കൊപ്പം ഇക്കോമണി ക്ലാസില്‍ പോയിരിക്കും. ക്യാമറാമാന്‍മാരും സൗണ്ട് എന്‍ജിനീയര്‍മാരുമൊക്കെയാണ് അവിടെ ധോണിയുടെ സഹയാത്രികര്‍’– ഗാവസ്‌കര്‍ എഴുതി.
ധോണിയുടെ ഈ മാതൃക ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലിയും മിക്കപ്പോഴും പിന്തുടരാറുണ്ടെന്ന് ഗാവസ്‌കര്‍ വെളിപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണും മുന്‍പു രംഗത്തു വന്നിരുന്നു. ഇന്ത്യയുടെ ഓസീസ് പര്യടനത്തിനിടെ മികച്ച പ്രകടനം കാഴ്ചവച്ച ബോളര്‍മാര്‍ക്കായി കോലിയും ഭാര്യ അനുഷ്‌ക ശര്‍!മയും ബിസിനസ് ക്ലാസ് സീറ്റുകള്‍ ഒഴിഞ്ഞുകൊടുത്ത് ഇക്കോമണി ക്ലാസില്‍ യാത്ര ചെയ്യുന്നത് കണ്ടെന്നായിരുന്നു വോണിന്റെ ട്വീറ്റ്.