ലോക്ഡൗണിന് ശേഷവും കേരളത്തില്‍ നിയന്ത്രണങ്ങള്‍ തുടരുന്ന എട്ട് ജില്ലകള്‍ ഇവയാണ്…

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 21 ദിവസത്തെ ലോക്ക് ഡൗണിനു ശേഷവും കേരളത്തിലെ എട്ട് ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തുശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകള്‍ക്കാണ് ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണങ്ങള്‍ തുടരുകയെന്നാണ് സൂചന.

ഈ ജില്ലകളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണങ്ങള്‍ തുടരുക. ഏപ്രില്‍ 14നാണ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്.

രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുള്ള 62 ജില്ലകള്‍ അടച്ചിടാനാണ് തീരുമാനം. ഈ ജില്ലകളെയാണ് ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കേരളത്തില്‍ ഏഴ് ജില്ലകളാണ് ഹോട്ട്‌സ്‌പോട്ടുകളായി ലിസ്റ്റ് ചെയ്തത്. ഈ പട്ടികയിലേക്ക് തൃശ്ശൂരിനെ കൂടി ഉള്‍പ്പെടുത്തിയതോടെയാണ് കേരളത്തിലെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം എട്ടായത്.

ലോക്ക് ഡൗണ്‍ ആരംഭിച്ചതിനുശേഷവും ഇവിടെ നിന്നുള്ള പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നത്. ഇന്ത്യയില്‍ മൊത്തം 274 ജില്ലകളിലാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേന്ദ്ര മന്ത്രിസഭയുടെ സമ്പൂര്‍ണയോഗം ഇന്ന് ഉച്ചയ്ക്ക് ചേരുന്നുണ്ട്. ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച ജില്ലകള്‍ സീല്‍ ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഈ യോഗത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular