കൊറോണ പടരുന്നതിനു കാരണം 5ജി ആണോ…? രോഗ ബാധയ്ക്ക് കാരണം മൊബൈല്‍ ടെലികമ്യൂണിക്കേഷനാണെന്ന പ്രചാരണത്തെ തുടര്‍ന്നു ടവറുകള്‍ കത്തിച്ച് യുകെയിലെ ഒരു വിഭാഗം ജനങ്ങള്‍. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജസിദ്ധാന്തം വിശ്വസിച്ചാണു ജനം ടവര്‍ കത്തിക്കുന്ന അവസ്ഥയിലെത്തിയത്. 5ജിയും കൊറോണയും തമ്മില്‍ ബന്ധമുണ്ടെന്നു പ്രചരിക്കുന്ന സംഭവത്തില്‍ യുകെ അന്വേഷണം ആരംഭിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കൊറോണയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന ഗൂഢസിദ്ധാന്തങ്ങളില്‍ പുതിയതും അപകടകരവുമാണു യുകെയിലേതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
സംഭവത്തില്‍ പ്രതികരണവുമായി യുകെ സര്‍ക്കാരിലെ ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ, സ്‌പോര്‍ട്ട് (ഡിസിഎംഎസ്) വകുപ്പ് രംഗത്തെത്തി. ‘ഓണ്‍ലൈനില്‍ 5ജി–കൊറോണ ബന്ധത്തെപ്പറ്റി വ്യാജവിവരം പരക്കുന്നതായി അറിഞ്ഞു. ഇതില്‍ വിശ്വാസയോഗ്യമായ ഒന്നുമില്ല’– ഡിസിഎംഎസ് ട്വിറ്ററില്‍ വ്യക്തമാക്കി. കോവിഡ് രോഗത്തിന്റെ പ്രതിസന്ധിയ്ക്കിടയില്‍ വീടിനകത്തു കഴിയുന്നവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റും ആശയവിനിമയത്തിനും വാര്‍ത്തകളും വിവരങ്ങളും അറിയാനും പങ്കുവയ്ക്കാനും വലിയ ആശ്രയമാണു മൊബൈല്‍ ഫോണുകള്‍. ടവറുകള്‍ക്ക് ആളുകള്‍ കൂട്ടത്തോടെ തീയിടുമ്പോള്‍ മൊബൈല്‍ സേവനം നിലയ്ക്കുകയും കൂടുതല്‍ കുഴപ്പങ്ങള്‍ക്കു കാരണമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബര്‍മിങ്ങാം, ലിവര്‍പൂള്‍, മെര്‍സിസൈഡിലെ മെല്ലിങ് എന്നിവിടങ്ങളിലെ ടവറുകളാണു തീയിട്ടത്. കഴിഞ്ഞ ദിവസം ബര്‍മിങ്ങാമില്‍ ബ്രിട്ടനിലെ ഏറ്റവും വലിയ ടെലികോം കമ്പനിയുടെ ടവറുകളും ആള്‍ക്കൂട്ടം കത്തിച്ചിരുന്നു. പലയിടത്തും ടെലികോം ജീവനക്കാരെ ജനം അസഭ്യം പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
‘വിഡ്ഢിത്തമാണിത്, അപകടകരമായ മണ്ടത്തരം’ എന്നാണു ജനം ടവറുകള്‍ക്കു തീയിടുന്നതിനെപ്പറ്റി ബ്രിട്ടിഷ് കാബിനറ്റ് ഓഫിസര്‍ മിനിസ്റ്റര്‍ മൈക്കിള്‍ ഗോവ് അഭിപ്രായപ്പെട്ടത്. 5ജി–കൊറോണ സിദ്ധാന്തം ശുദ്ധ അസംബദ്ധമാണെന്നും വ്യാജവാര്‍ത്ത സൃഷ്ടിക്കുന്ന അപകടത്തിന് തെളിവാണിതെന്നും ദേശീയ മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു.