ലോക്ക് ഡൗണ്‍ സത്യങ്ങള്‍ വെളിപ്പെടുത്താനുള്ള സമയമോ?… രാഹുല്‍ ദ്രാവിഡിനെതിരെ വെളിപ്പെടുത്തലുമായി ശ്രേയസ് അയ്യര്‍

ലോക്ക് ഡൗണ്‍ ആയി എല്ലാവരും വീട്ടില്‍ ഇരിക്കാണ് . എന്നാല്‍ പഴയ കാര്യങ്ങള്‍ ഓര്‍ക്കാനുള്ള സമയം കൂടിയായി മാറിയിരിക്കുകയാണ് ഈ ലോക്ക് ഡൗണ്‍. സിക്‌സടിച്ചതിന്റെ പേരില്‍ താരത്തെ ശാസിക്കുന്ന ഒരു ക്രിക്കറ്റ് പരിശീലകനോ? ഉവ്വ്, അങ്ങനെയൊരു പരിശീലകനുണ്ട്. പേര് രാഹുല്‍ ദ്രാവിഡ്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളുടെയെല്ലാം ഗുരുവായ വന്‍മതില്‍ ദ്രാവിഡ് തന്നെ! ‘വന്‍മതില്‍ തണലി’ല്‍ വളര്‍ന്ന് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ സ്ഥിരാംഗമായി മാറിയ മുംബൈ താരം ശ്രേയസ് അയ്യരാണ് സിക്‌സടിച്ചതിന്റെ പേരില്‍ ഒരിക്കല്‍ ദ്രാവിഡ് തന്നോട് അനിഷ്ടം പ്രകടിപ്പിച്ച കാര്യം പങ്കുവച്ചത്. സഹതാരങ്ങളെല്ലാം തന്റെ ‘വീരസാഹസിക കൃത്യ’ത്തെ പുകഴ്ത്തുമ്പോഴാണ് അപ്രതീക്ഷിതമായി ദ്രാവിഡ് അനിഷ്ടം പ്രകടിപ്പിച്ചതെന്നും അയ്യര്‍ വെളിപ്പെടുത്തി.

സംഭവം ഇങ്ങനെ: കരിയറിന്റെ ആദ്യ ഘട്ടത്തില്‍ വീരേന്ദര്‍ സേവാഗിന്റെ ബാറ്റിങ് ശൈലിയുമായി താരതമ്യം ചെയ്യപ്പെട്ട ശൈലിയായിരുന്നു ശ്രേയസ് അയ്യരുടേത്. ബോളര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന വിധത്തില്‍ തച്ചുതകര്‍ക്കുന്ന ശൈലി തന്നെ. അക്കാലത്താണ് ആദ്യമായി പരിശീലകനെന്ന നിലയില്‍ ദ്രാവിഡ് ശ്രേയസ് അയ്യരുടെ കളി ശ്രദ്ധിക്കുന്നത്. ഇനി അയ്യരുടെ വാക്കുകളിലൂടെ:

‘അതൊരു ചതുര്‍ദിന മത്സരമായിരുന്നു. ദ്രാവിഡ് എന്റെ കളി ആദ്യമായി കാണുകയാണെന്ന പ്രത്യേകതയുമുണ്ട്. മത്സരത്തിന്റെ ആദ്യ ദിവസത്തെ കളിയുടെ അവസാന ഓവര്‍. ഞാന്‍ മുപ്പതോ മറ്റോ റണ്‍സെടുത്ത് ക്രീസില്‍. ശ്രദ്ധയോടെ കളിച്ച് കൂടുതല്‍ വിക്കറ്റ് നഷ്ടം കൂടാതെ ഞങ്ങള്‍ ആദ്യ ദിനം അവസാനിപ്പിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. അതിനിടെയാണ് അവസാന ഓവറിലെ ഒരു പന്ത് ക്രീസ് വിട്ടിറങ്ങി ഞാന്‍ സിക്‌സര്‍ പറത്തിയത്. വളരെയധികം ഉയര്‍ന്നുപൊങ്ങിയ ആ പന്ത് ബൗണ്ടറി കടന്നു. ഡ്രസിങ് റൂമിലിരുന്ന എല്ലാവരും ആവേശത്തോടെ ഓടി ബൗണ്ടറിക്കരികിലെത്തി. അവസാന ഓവറില്‍ ഇങ്ങനെയൊരു ഷോട്ട് കളിക്കാന്‍ മറ്റാര്‍ക്ക് സാധിക്കും എന്ന ആശ്ചര്യത്തിലായിരുന്നു അവര്‍’ – അയ്യര്‍ വിശദീകരിച്ചു.

‘അന്നാണ് ആദ്യമായി എന്റെ കളിയെ ദ്രാവിഡ് വിലയിരുത്തുന്നത്. എന്റെ അടുത്തെത്തിയ അദ്ദേഹം, എന്താണ് ഈ കാട്ടിയതെന്ന ഭാവത്തിലായിരുന്നു. ഒരു ദിവസത്തെ കളി പൂര്‍ത്തിയാകാനിരിക്കെ അവസാന ഓവറില്‍ ഇങ്ങനെയാണോ കളിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. പക്ഷേ പിന്നീട്, അന്ന് അദ്ദേഹം പറഞ്ഞതിന്റെ പൊരുള്‍ എനിക്കു പിടികിട്ടി’ – അയ്യര്‍ പറഞ്ഞു.

ഇന്ത്യയ്ക്കായി ഇതുവരെ 18 ഏകദിനങ്ങളും 22 ട്വന്റി20 മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഇരുപത്തഞ്ചുകാരനായ അയ്യര്‍, നാലാം നമ്പറില്‍ തന്റെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. 18 ഏകദിനങ്ങളില്‍നിന്ന് ഒരു സെഞ്ചുറിയും. എട്ട് അര്‍ധസെഞ്ചുറിയും സഹിതം 49.86 റണ്‍! ശരാശരിയില്‍ 748 റണ്‍സാണ് അയ്യരുടെ സമ്പാദ്യം. 22 ട്വന്റി20കളില്‍നിന്ന് രണ്ട് അര്‍ധസെഞ്ചുറികള്‍ സഹിതം 417 റണ്‍സും നേടി.

pathram:
Related Post
Leave a Comment