കൊറോണ : ലോകത്തിലെ ഏറ്റവും വലിയ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ഇവിടെയാണ്, 9 ദിവസം കൊണ്ട് അത്യാധുനിക നിലവാരത്തിലുള്ള ആശുപത്രി

കൊറോണയെ പിടിച്ച് കെട്ടാന്‍ കഠിന ശ്രമത്തിലാണ് ലോക രാജ്യങ്ങല്‍. കൊറോണയ്‌ക്കെതിരെ പോരാട്ടം എല്ലായിടവും ശക്തമാക്കുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ആരംഭിച്ചിരിക്കുകയാണ് ലണ്ടന്‍. 9 ദിവസം കൊണ്ടാണ് അത്യാധുനിക നിലവാരത്തിലുള്ള ആശുപത്രി ഉയര്‍ന്നത്. 2012ല്‍ ഒളിംപ്ക്‌സിനു വേദിയായ ന്യൂഹാം എക്‌സല്‍ സ്‌റ്റേഡിയമാണ് കൊറോണ വൈറസ് പ്രതിരോധ ആശുപത്രിയാക്കി മാറ്റിയത്. ലക്ഷക്കണക്കിനു കായിക താരങ്ങളുടെ ആരവങ്ങള്‍ ഉയര്‍ന്ന സ്‌റ്റേഡിയം ഇപ്പോള്‍ അതിജീവനത്തിനുള്ള തീവ്രപ്രയത്‌നങ്ങളുടെ വേദിയായി.

ലണ്ടന്‍ എക്‌സല്‍ സെന്റര്‍ ആശുപത്രിയാക്കാന്‍ യുകെയിലെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരും ബ്രിട്ടിഷ് സൈന്യവും കൈകോര്‍ത്ത് പ്രവര്‍ത്തിച്ചു. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയെന്ന ബഹുമതിയാണ് ഇതിനു ലഭിക്കുകയെന്നു 2012 ലെ ഒളിംപിക്‌സിനും ഇപ്പോള്‍ ആശുപത്രി നിര്‍മാണത്തിനും സാക്ഷ്യം വഹിച്ച ന്യൂഹാം കോര്‍പറേഷന്‍ മുന്‍ സിവിക് അംബാസഡര്‍ ഡോ. ഓമന ഗംഗാധരന്‍ പറഞ്ഞു. ഡോ. ഓമന ഇപ്പോള്‍ കോര്‍പറേഷന്‍ കൗണ്‍സിലറാണ്.

100 ഏക്കര്‍ വരുന്ന സ്‌റ്റേഡിയം കോംപ്ലക്‌സില്‍ ഒളിംപിക്‌സിലെ ബോക്‌സിങ്, ടേബിള്‍ ടെന്നിസ്, ജൂഡോ തുടങ്ങിയ 7 മത്സരങ്ങളാണു നടന്നത്. കൊറോണ വൈറസ് മൂലം അടിയന്തര പരിചരണം ആവശ്യമുള്ള രോഗികളെ മാത്രമേ ഇവിടെ പ്രവേശിപ്പിക്കൂ. ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസിനെ സഹായിക്കുകയാണ് പ്രധാന ലക്ഷ്യം. യുകെയില്‍ ഇതുവരെ 34,192 പേരെയാണു രോഗം ബാധിച്ചത്. 2,926 പേര്‍ മരിച്ചു. ദിവസം കഴിയുന്തോറും എണ്ണം കൂടുകയാണ്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയാണ് കണക്കുകള്‍ പുറത്തുവിട്ടത്.

താല്‍ക്കാലിക ആശുപത്രിയില്‍ നിലവില്‍ 500 കിടക്കകളാണുള്ളത്. കൂടുതല്‍ കിടക്കകളും സൗകര്യങ്ങളും വരും ദിവസങ്ങളില്‍ സജ്ജീകരിക്കും. പൂര്‍ണ ശേഷിയില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തുടരാന്‍ 16,000 തൊഴിലാളികള്‍ വരെ ആവശ്യമാണെന്നാണു കണക്ക്. 2020 മാര്‍ച്ച് 30ന് ആശുപത്രിയുടെ നിയമപരമായ ഉത്തരവാദിത്തം നിലവിലുള്ള എന്‍എച്ച്എസ് ട്രസ്റ്റായ ബാര്‍ട്ട്‌സ് ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റിന് കൈമാറി. കാരണം എന്‍എച്ച്എസ് ഇംഗ്ലണ്ടിന് ആശുപത്രി നേരിട്ടു കൈകാര്യം ചെയ്യാന്‍ നിയമപരമായ അധികാരങ്ങളില്ല. ലണ്ടനിലെ പ്രധാന സാമ്പത്തിക ജില്ലയായ കാനറി വാര്‍ഫിനും ലണ്ടന്‍ സിറ്റി വിമാനത്താവളത്തിനും ഇടയിലാണ് ആശുപത്രി.

pathram:
Leave a Comment