2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ യുവരാജ് സിങ്ങിനു മുന്‍പേ അഞ്ചാമനായി ഇറങ്ങാന്‍ മഹേന്ദ്രസിങ് ധോണിക്കു മുന്നില്‍ നിര്‍ദ്ദേശം വച്ചത് താനെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. മൂന്നാമനായി കോലി പുറത്താകുമ്പോള്‍ ക്രീസില്‍ ഉണ്ടായിരുന്നത് ഇടങ്കയ്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറായിരുന്നു. ഈ സാഹചര്യത്തില്‍ ഇടംകൈ–വലംകൈ കൂട്ടുകെട്ടു തുടരുന്നതിനാണ് ഇടംകയ്യനായ യുവരാജിനു പകരം വലംകയ്യനായ ധോണിയോട് ആദ്യം ഇറങ്ങാന്‍ താന്‍ ആവശ്യപ്പെട്ടതെന്നും സച്ചിന്‍ പറഞ്ഞു. മുത്തയ്യ മുരളീധരന്‍ ഉള്‍പ്പെടെ മികച്ച രണ്ടു സ്പിന്നര്‍മാരുമായി കളംപിടിക്കാനുള്ള ശ്രീലങ്കയുടെ ശ്രമത്തെ ചെറുക്കാന്‍ ഇടംകൈ–വലംകൈ കൂട്ടുകെട്ട് നിര്‍ണായകമായെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.
അതേസമയം, മുത്തയ്യ മുരളീധരനെതിരെ കൂടുതല്‍ നന്നായി കളിക്കാന്‍ തനിക്കാകുമെന്ന് ചൂണ്ടിക്കാട്ടി പരിശീലകന്‍ ഗാരി കിര്‍സ്റ്റന്റെ അനുമതിയോടെ ധോണി ബാറ്റിങ് ഓര്‍ഡറില്‍ സ്വയം പ്രമോട്ട് ചെയ്യുകയായിരുന്നുവെന്നാണ് ഇതേക്കുറിച്ച് അന്ന് ടീമില്‍ അംഗമായിരുന്ന സുരേഷ് റെയ്‌ന വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് ഇക്കാര്യം ആദ്യം നിര്‍ദ്ദേശിച്ചത് താനാണെന്ന സച്ചിന്റെ വെളിപ്പെടുത്തല്‍. വീരേന്ദര്‍ സേവാഗുമൊത്ത് ഒരു ദേശീയ ചാനലിനു നല്‍കിയ സംയുക്ത അഭിമുഖത്തിലാണ് അന്നത്തെ സംഭവവികാസങ്ങള്‍ ഇരുവരും ഓര്‍ത്തെടുത്തത്.
വീരുവിനെ ‘അനക്കാതെ’ സച്ചിന്‍
ഫൈനല്‍ പോരാട്ടത്തിന്റെ സമയത്ത് തന്റെ അടുത്തുണ്ടായിരുന്ന വീരേന്ദര്‍ സേവാഗിനോട് ഒരു കാരണവശാലും എഴുന്നേറ്റു പോകരുതെന്ന് നിഷ്‌കര്‍ഷിച്ച കാര്യവും സച്ചിന്‍ അനുസ്മരിച്ചു.
‘ഫൈനലില്‍ പുറത്തായ ശേഷം ഞാന്‍ തിരികെ ഡ്രസിങ് റൂമില്‍ എത്തി കസേരയില്‍ ഇരിക്കുമ്പോള്‍ സേവാഗാണ് എന്റെ അടുത്ത സീറ്റില്‍ ഉണ്ടായിരുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്നിങ്‌സിനു ശേഷം തിരികെയെത്തുമ്പോഴും എന്റെ അടുത്ത് സേവാഗായിരുന്നു. അന്ന് ഇരുന്നിടത്തുനിന്ന് അനങ്ങാതെയാണ് ഞങ്ങള്‍ മത്സരം കണ്ട് പൂര്‍ത്തിയാക്കിയത്. അതുകൊണ്ട് ഇത്തവണയും അവിടെത്തന്നെ ഇരിക്കാന്‍ ഞാന്‍ സേവാഗിനോട് ആവശ്യപ്പെട്ടു’ – സച്ചിന്‍ പറഞ്ഞു.
അതേസമയം, നിക്ക് ബാല്‍ക്കണിയില്‍ പോയിരുന്ന് കളി കാണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സച്ചിന്‍ സമ്മതിച്ചില്ലെന്ന് സേവാഗ് ചൂണ്ടിക്കാട്ടി. ഇത് സച്ചിന്‍ ശരിവച്ചു. ‘ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരിക്കുന്ന സീറ്റില്‍നിന്ന് മാറാതെ കളികണ്ടത് സഹായിച്ചിരുന്നുവെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടാണ് ഫൈനലിലും ഇരിക്കുന്നിടത്തുനിന്ന് അനങ്ങരുതെന്ന് ഞാന്‍ ആവശ്യപ്പെട്ടത്. മാത്രമല്ല, എന്റെ ബാഗിലുണ്ടായിരുന്ന എല്ലാ ദൈവങ്ങളുടെയും ചിത്രങ്ങള്‍വച്ച് പ്രാര്‍ഥിക്കുകയും ചെയ്തു’ – സച്ചിന്‍ പറഞ്ഞു.
‘ഇടയ്ക്ക് ബാത്‌റൂമില്‍ പോകണമെന്ന് എനിക്ക് അതിയായ ശങ്ക തോന്നി. ഇക്കാര്യം സച്ചിനോടു പറഞ്ഞെങ്കിലും അവിടെത്തന്നെ ഇരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കളി കഴിഞ്ഞ് എന്തു വേണേല്‍ ചെയ്‌തോളാനും പറഞ്ഞു. ഒടുവില്‍ ഡ്രിങ്ക്‌സിന്റെ സമയത്താണ് ഞാന്‍ ബാത്‌റൂമില്‍ പോയത്’ – സേവാഗ് പറഞ്ഞു.
ഇടംകൈ–വലംകൈ കൂട്ടുകെട്ട്
‘ഈ സമയം കളത്തില്‍ വിരാടും ഗംഭീറുമൊത്തുള്ള കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നേറുകയായിരുന്നു. എതിരാളികളെ പിന്നിലാക്കാന്‍ മികച്ചൊരു കൂട്ടുകെട്ട് നമുക്ക് ആവശ്യമായിരുന്നു. ഈ സമയത്ത് ഞാന്‍ വീരുവിനോടു പറഞ്ഞു. ഇപ്പോള്‍ ഒരു ഇടംകയ്യനാണ് (ഗംഭീര്‍) ആദ്യം പുറത്താകുന്നതെങ്കില്‍ മറ്റൊരു ഇടംകയ്യന്‍ (യുവരാജ് സിങ്) വേണം കളത്തിലിറങ്ങാന്‍. മറിച്ച് വലംകയ്യനാണ് (കോലി) പുറത്താകുന്നതെങ്കില്‍ മറ്റൊരു വലംകയ്യന്‍ (ധോണി) ഇറങ്ങണം. ഈ സമയം അഞ്ചാം നമ്പറില്‍ ഇറങ്ങാന്‍ യുവരാജ് തയാറായി ഇരിക്കുകയായിരുന്നു. പക്ഷേ എന്റെ അടുത്തിരുന്ന വീരുവിനോട് ഞാന്‍ പറഞ്ഞു: ആദ്യം വിരാട് പുറത്തായാല്‍ യുവരാജ് ഇറങ്ങരുത്. ഈ സമയത്ത് ഇടംകൈ–വലംകൈ കൂട്ടുകെട്ട് നിര്‍ണായകമാണ്. യുവരാജ് മികച്ച ഫോമിലായിരുന്നു എന്നത് സത്യമാണ്. പക്ഷേ, മികച്ച രണ്ട് ഓഫ് സ്പിന്നര്‍മാരുമായി കളിക്കുന്ന ശ്രീലങ്കയ്‌ക്കെതിരെ തന്ത്രപരമായൊരു മാറ്റം മികച്ചതാകുമെന്ന് എനിക്കു തോന്നി’ – സച്ചിന്‍ പറഞ്ഞു.
‘ഗൗതം വളരെ മികച്ച രീതിയിലാണ് അന്ന് ബാറ്റ് ചെയ്തത്. അതുകൊണ്ടുതന്നെ ധോണിയേപ്പോലെ സ്‌െ്രെടക്ക് റൊട്ടേറ്റു ചെയ്യുന്ന ഒരാളാണ് കൂട്ടിനെങ്കില്‍ അത് വളരെയധികം സഹായകമാകും. അതുകൊണ്ട് ഞാന്‍ വീരുവിനോടു പറഞ്ഞു. ഈ ഓവര്‍ കഴിയുമ്പോള്‍ ബാല്‍ക്കണിയില്‍ പോയി ധോണിയോട് ഇക്കാര്യം പറയുക. ഞാന്‍ എന്തായാലും ഇവിടെത്തന്നെ ഇരിക്കാം’ – സച്ചിന്‍ പറഞ്ഞു. സച്ചിന്‍ ഇക്കാര്യം പറഞ്ഞു പൂര്‍ത്തിയാക്കും മുന്‍പു കാണുന്നത് ധോണി ബാല്‍ക്കണിയില്‍നിന്ന് ഡ്രസിങ് റൂമിലേക്ക് നടക്കുന്നതാണെന്ന് സേവാഗ് പറഞ്ഞു. ഞങ്ങള്‍ ധോണിയെ അടുത്തേക്കു വിളിച്ചു. തന്റെ മുന്നില്‍വച്ചാണ് ഇക്കാര്യം സച്ചിന്‍ ധോണിയോടു പറഞ്ഞതെന്നും സേവാഗ് വിശദീകരിച്ചു.
ഈ തന്ത്രം പരിഗണിക്കാന്‍ ഞാന്‍ ധോണിയോടു പറഞ്ഞു. ഉടനെ അദ്ദേഹം കോച്ച് ഗാരി കിര്‍സ്റ്റന്റെ അടുത്തുപോയി ഇക്കാര്യം അറിയിച്ചു. തുടര്‍ന്ന് കിര്‍സ്റ്റനെയും കൂട്ടി ഞങ്ങളുടെ അടുത്തേക്കു വന്നു. ഞങ്ങള്‍ നാലു പേരും കൂടിയാലോചിച്ചു. നിലവില്‍ നമുക്ക് ആധിപത്യമുള്ളതിനാല്‍ ഇതുതന്നെയാണ് നല്ല ആശയമെന്ന് കിര്‍സ്റ്റും സമ്മതിച്ചു. ധോണിയും സമ്മതമറിയിച്ചതോടെയാണ് അദ്ദേഹം അഞ്ചാം നമ്പറില്‍ ഇറങ്ങാന്‍ വഴിയൊരുങ്ങിയത്’– സച്ചിന്‍ പറഞ്ഞു.
Leave a Comment