ആയിരങ്ങളുടെ ജീവനെടുത്തു കൊറോണ ഭീതി പടര്‍ന്നു പിടിക്കുന്നതിനിടയില്‍ ലോകരാജ്യങ്ങള്‍ തമ്മില്‍ മാസ്‌കുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വേണ്ടി പിടിവലി. ജര്‍മന്‍ പൊലീസിനു വേണ്ടി ചൈനയില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത രണ്ടു ലക്ഷത്തോളം എന്‍95 മാസ്‌കുകള്‍ അമേരിക്ക തട്ടിയെടുത്തതായി ജര്‍മനി ആരോപിച്ചു. ജര്‍മനിയിലേക്കു വിമാനമാര്‍ഗം കൊണ്ടുപോയ മാസ്‌കുകള്‍ ബാങ്കോക്കില്‍ തടഞ്ഞ് അമേരിക്കയിലേക്ക് അയയ്ക്കുകയായിരുന്നുവെന്ന് ജര്‍മന്‍ അധികൃതര്‍ വ്യക്തമാക്കി.
അമേരിക്കന്‍ കമ്പനിയായ 3എമ്മിനു വേണ്ടി മാസ്‌ക് നിര്‍മിച്ചു നല്‍കുന്നത് ഒരു ചൈനീസ് കമ്പനിയാണ്. ചൈനയില്‍നിന്നു കൊണ്ടുപോയ മാസ്‌കുകള്‍ അമേരിക്ക പിടിച്ചെടുത്തുവെന്നാണ് ആരോപണം. കോവിഡ് 19 നേരിടാനുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി രാജ്യാന്തരവിപണിയില്‍ കടുത്ത മത്സരം നടക്കുന്നതിനിടെയാണ് അമേരിക്കയ്‌ക്കെതിരെ ആരോപണവുമായി ജര്‍മനി രംഗത്തെത്തിയത്. ഫ്രാന്‍സും സമാനമായ ആരോപണം ഉയര്‍ത്തിയിട്ടുണ്ടെന്നാണു സൂചന. ‘ആധുനിക കാലത്തെ കൊള്ള’ എന്നാണ് ബെര്‍ലിന്‍ സ്‌റ്റേറ്റിന്റെ ആഭ്യന്തരമന്ത്രി ആന്‍ഡ്രിയാസ് ജീസെല്‍ പറഞ്ഞത്. അമേരിക്ക രാജ്യാന്തര നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആന്‍ഡ്രിയാസ് ജര്‍മന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.