മലപ്പുറത്ത് ഗുരുതര വീഴ്ച; കോവിഡ് ബാധിച്ചയാളുടെ മകനെതിരേ കേസെടുക്കും

മലബാറില്‍ കൊറോണ വ്യാപനം കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. അതിനിടെ ചിലര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ വകുപ്പിനെ വെള്ളംകുടിപ്പിക്കുകയാണ്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 85 വയസ്സുകാരന്റെ മകനെതിരേ കേസെടുക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. മാര്‍ച്ച് 11ന് ഉംറ കഴിഞ്ഞെത്തിയ മകന്‍ ക്വാറന്റയ്ന്‍ പാലിക്കാതെ ഗുരുതരമായ വീഴ്ച വരുത്തിയെന്നും അദ്ദേഹം മലപ്പുറത്തെ അവലോകന യോഗത്തിന് ശേഷം പ്രതികരിച്ചു.

കീഴാറ്റൂര്‍ പൂന്താനം സ്വദേശിയായ 85 വയസ്സുകാരന് കഴിഞ്ഞ ദിവസമാണ് കൊറോണ സ്ഥിരീകരിച്ചത്. ഉംറ കഴിഞ്ഞെത്തിയ മകനില്‍നിന്നാണ് ഇയാള്‍ക്ക് വൈറസ് പടര്‍ന്നതെന്നാണ് നിഗമനം. മാര്‍ച്ച് 11ന് നാട്ടിലെത്തിയ മകന്‍ 13ാം തീയതിയാണ് പിതാവിനെ സന്ദര്‍ശിക്കാന്‍ പാണ്ടിക്കാട് എത്തിയത്. തുടര്‍ന്ന് പിതാവിനൊപ്പം സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രിയിലും പോയി. ഈ ക്ലിനിക്കുകളെല്ലാം അധികൃതര്‍ അടപ്പിച്ചു.

അതേസമയം, ക്വാറന്റയ്ന്‍ പാലിക്കാതിരുന്ന മകന്‍ നിരവധി പേരുമായി ഈ ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ കണ്ടെത്തല്‍. ആനക്കയത്ത് ഒരു വലിയ സംഗമത്തിലടക്കം ഇയാള്‍ പങ്കെടുത്തിരുന്നു. ഇയാളുമായി ബന്ധപ്പെട്ട മുഴുവന്‍ പേരും ക്വാറന്റയ്‌നില്‍ പോകണമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7