സാനിറ്റൈസര്‍ = ഗോമൂത്രം..!!! കൊറോണ പ്രതിരോധത്തിന് ഗുജറാത്തില്‍ ഗോമൂത്ര വില്‍പ്പന തകൃതി

കൊവിഡ് പ്രതിരോധത്തിന് ഗോമൂത്രം ഉപയോഗം എന്ന ആശയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സര്‍വരോഗ സംഹാരിയും അണുനാശകവുമാണ് ഗോമൂത്രവും ഉപോത്പന്നങ്ങളും എന്നാണ് വിശ്വാസം. എന്നാല്‍ ഗുജറാത്തില്‍ ഗോമൂത്രം കൊണ്ടുള്ള അണുനാശനം പ്രാവര്‍ത്തകമാക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഗോമൂത്രത്തിന്റെ പ്രതിദിന ഉപഭോഗം സംസ്ഥാനത്ത് 6,000 ലിറ്റര്‍ ആയെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗ് അധ്യക്ഷനും മുന്‍കേന്ദ്രമന്ത്രിയുമായ ബിജെപി നേതാവുമായ വല്ലഭ് കതിരിയ പറയുന്നത്.

ഗുജറാത്തില്‍ കൊറോണ കാലത്ത് സാനിറ്റൈസര്‍ എന്ന വിളിപ്പേര് കൂടി ഗോമൂത്രത്തിന് നല്‍കി കഴിഞ്ഞു. വൈറസ് പ്രതിരോധത്തിനായി ഡല്‍ഹിയില്‍ ഗോമൂത്ര സത്കാരം വരെ നടത്തിയിരുന്നു. എന്നാല്‍ ഗോമൂത്ര ഉപഭോഗത്തില്‍ ഡല്‍ഹിയെ കടത്തിവെട്ടിയിരിക്കുകയാണ് ഗുജറാത്ത്.

2007ല്‍ ഗോമൂത്രത്തില്‍ നിന്ന് ബോഡി സ്‌പ്രേ കണ്ടെത്തിയ ലഭ്ഷങ്കര്‍ രാജ്‌ഗോര്‍ പറയുന്നത് വൈറസ് അടക്കമുള്ള രോഗാണുക്കളെ അടക്കിനിര്‍ത്താന്‍ ഗോമൂത്രത്തിന് കഴിയുമെന്നാണ്. ഈ അവസരത്തില്‍ ഗോമൂത്ര സ്‌പ്രേയ്ക്കും ആവശ്യക്കാര്‍ ഏറെയാണെന്ന് അദ്ദേഹം പറയുന്നു. ഗോമൂത്ര സാനിറ്റൈസറും അദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

കാന്‍സര്‍ രോഗിയായിരുന്ന ഭാര്യയ്ക്ക് ഗോമൂത്രം ദിവസവും രാവിലെ കുടിക്കുന്നതിലൂടെ വലിയ ആശ്വാസം ലഭിച്ചിരുന്നതായി എഞ്ചിനീയറായ കന്തിലാല്‍ പട്ടേല്‍ എകണോമിക് ടൈംസിനോട് പറഞ്ഞു. വൈറസുകളെ അകറ്റാനുള്ള ഗോമൂത്രത്തിന്റെ ശക്തിയില്‍ അദ്ദേഹത്തിന് തെല്ലും സംശയമില്ല. ഗോമൂത്രം സംസ്‌ക്കരിച്ചു വില്‍ക്കുന്ന രാജു പട്ടേല്‍ പറയുന്നത് തനിക്ക് ഇപ്പോള്‍ ആവശ്യത്തിന് ഗോമൂത്രം ലഭിക്കുന്നില്ലെന്നാണ്.

pathram:
Related Post
Leave a Comment