സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 265 ആയി; കൊറോണ ആശുപത്രി ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കാസര്‍കോട്ട് 12 പേര്‍ക്കും എറണാകുളത്ത് മൂന്നുപേര്‍ക്കും തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ടു പേര്‍ക്കു വീതവും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒമ്പതുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റുള്ളവര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം മൂലമാണ്.

സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 265 ആയി. ഇതില്‍ 237 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. തിരുവനന്തപുരത്തും കോഴിക്കോടും ഒരോരുത്തര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

1,64,130 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 1,63,508പര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ബുധനാഴ്ച മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7,965 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 7252 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഏപ്രില്‍ 20 വരെ സൗജന്യ റേഷന്‍ വിതരണം തുടരും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അരി സൗജന്യമായി വീടുകളില്‍ എത്തിക്കും. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ പോയി വാങ്ങാന്‍ സാധിക്കാത്ത സ്ഥിതിയുണ്ട്. ഇവരുടെ ക്ഷേമപെന്‍ഷന്‍ തുക ബന്ധപ്പെട്ട ബാങ്കില്‍ സൂക്ഷിക്കും. ക്വാറന്റൈന്‍ കാലം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ വാങ്ങാവുന്നതാണ്.

കാസര്‍കോട് മെഡിക്കല്‍ കോളേജ് നാലുദിവസത്തിനകം കൊറോണ ആശുപത്രിയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യവസായി എം.എ. യൂസഫലി ഡല്‍ഹിയില്‍നിന്ന് ഒരുലക്ഷം മാസ്‌കുകള്‍ വാങ്ങി കേരളത്തിലെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7