കേരളത്തില്‍നിന്നുള്ള അതിര്‍ത്തികള്‍ കര്‍ണാടക അടച്ച സംഭവത്തില്‍ ഒടുവില്‍ ഇടപെടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചു. അതേസമയം കര്‍ണാടക അതിര്‍ത്തി അടച്ച പ്രശ്‌നം ഇന്നുതന്നെ പരിഹരിക്കണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചു. കര്‍ണാടകയുടെ നടപടി മനുഷ്യത്വരഹിതമാണ്. ഇക്കാര്യത്തില്‍ ഒരു ദിവസം പോലും കാത്തിരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ദേശീയപാത അടയ്ക്കാന്‍ കര്‍ണാടകയ്ക്ക് അവകാശമില്ലെന്നു കേരളം നിലപാടെടുത്തു. കര്‍ണാടകയിലേക്കുള്ള വാഹനങ്ങള്‍ അണുവിമുക്തമാക്കാം. എന്നാല്‍ ഹൈക്കോടതിക്ക് കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് കര്‍ണാടക അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കേരളം കോവിഡ് രോഗികളെ കടത്തിവിടാന്‍ ശ്രമിക്കുന്നതായും കര്‍ണാടക ആരോപിച്ചു.
ചികിത്സ വേണ്ടവരുടെ കാര്യത്തില്‍ കോവിഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. അതിര്‍ത്തി കടന്നെത്തുന്ന രോഗികള്‍ കോവിഡ് ബാധിതരാണോ എന്നതല്ല, ആവശ്യമുള്ള രോഗികള്‍ക്ക് അടിയന്തര ചികിത്സ നല്‍കുക എന്നതാണ് പ്രധാനം. ഇത് മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്ന വിഷയമാണ്. ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിക്ക് ഉത്തരവ് പുറപ്പെടുവിക്കേണ്ടിവരുമെന്നും കോടതി അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നതു തല്‍ക്കാലത്തേക്കു നിര്‍ത്തിവച്ചു.
ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരുടെ യോഗം ഇന്നോ നാളെയൊ വിളിക്കാമെന്നും അതിനു ശേഷം നിലപാട് വിശദീകരിക്കാമെന്നുമായിരുന്നു കേന്ദ്രം അറിയിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ ഇന്നു തന്നെ തീരുമാനം ഉണ്ടാകണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നു തന്നെ യോഗം വിളിക്കാമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ചര വരെയുള്ള സമയത്തിനുള്ളില്‍ തീരുമാനം എടുത്ത് അറിയിക്കാന്‍ ഹൈക്കോടതി സാവകാശം നല്‍കി. ഒട്ടേറെ മരണങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് ഇത് നീട്ടിക്കൊണ്ട് പോകാനാവില്ലെന്നും കോടതി പറഞ്ഞു.
കാസര്‍കോട്ട് കോവിഡ് 19 രോഗ വ്യാപനം ശക്തമായ പശ്ചാത്തലത്തില്‍ ഇവിടെ നിന്നുള്ള കര്‍ണാടക അതിര്‍ത്തി റോഡുകള്‍ തുറക്കാനാവില്ല എന്ന കര്‍ശന നിലപാടാണ് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. അതേ സമയം കേരള അതിര്‍ത്തിയില്‍ കയറി ബാരിക്കേട് സ്ഥാപിച്ചത് മനുഷ്യത്വ രഹിത നടപടിയാണെന്നും ദേശീയ പാത അടയ്ക്കുന്നതിന് ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്നും കാണിച്ച് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇതിനിടെ കാസര്‍കോട്ട് വിദഗ്ധ ചികിത്സ കിട്ടാതെ ആറു പേര്‍ മരിച്ചെന്നും അവരുടെ പേരും വിശദ വിവരങ്ങളും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
കാസര്‍കോട്ടെ രോഗികളെ ചികിത്സിക്കുന്നതിന് തയാറാണെന്നു കാണിച്ച് മംഗലാപുരത്തെ ആശുപത്രി ഉടമകള്‍ നല്‍കിയ കത്തിന്റെ പകര്‍പ്പും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. മംഗലാപുരത്തെ ഡെപ്യൂട്ടി കമ്മിഷണര്‍ക്കാണ് ആശുപത്രി ഉടമകള്‍ കത്തു നല്‍കിയിട്ടുള്ളത്. അതിര്‍ത്തി തുറക്കാന്‍ തയാറായാല്‍ കര്‍ണാടകയിലേയ്ക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കാന്‍ കേരളം തയാറാണ് എന്ന വിവരവും കേരളം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായതുകൊണ്ട് സുപ്രീം കോടതി പരിഗണിക്കുകയായിരിക്കും നല്ലതെന്ന് കര്‍ണാടക കേരള ഹൈക്കോടതിയില്‍ നിലപാടെടുത്തു. എന്നാല്‍ ഇത് അംഗീകരിക്കാതെ കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നമായതുകൊണ്ട് കേരള ഹൈക്കോടതിക്ക് ഇടപെടാമെന്ന നിലപാട് ഹൈക്കോടതിയും കൈക്കൊള്ളുകയായിരുന്നു.