കൊറോണയെ ചെറുക്കാന്‍ പുല്ല് തിന്നുന്നു…

കോവിഡ്19 നെ നേരിടാന്‍ ഒരൂകൂട്ടര്‍ പുല്ലുതിന്നുന്നു. ആഫ്രിക്കയിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായ സൊമാലിയയിലാണ് ഈ അപൂര്‍വ്വ കാഴ്ച. ഇവിടെ മൂന്നു പേരിലാണു രോഗബാധ സ്ഥീരീകരിച്ചത്. അയല്‍രാജ്യമായ കെനിയയില്‍ 59 രോഗികളും. ഈ മാസം 12 നാണു മേഖലയില്‍ രോഗമെത്തിയത്. തുടര്‍ന്നാണു നാട്ടുകാര്‍ സ്വയം ചികിത്സ തുടങ്ങിയത്. മികച്ച ചികിത്സാ സൗകര്യങ്ങളുടെ അഭാവത്തിലാണു ജനം പുല്ലിലേക്കു തിരിഞ്ഞത്.

അതിനിടെ ലോക്ക്ഡൗണിനെ തുടര്‍ന്നു യൂറോപ്പിലെ 11 രാജ്യങ്ങളില്‍നിന്നായി 60,000 പേരുടെ ജീവന്‍ രക്ഷിക്കാനായെന്നു ലണ്ടന്‍ ഇംപീരിയല്‍ കോളജ് ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളില്‍നിന്നു രോഗം പടരുന്നതു നിയന്ത്രിക്കാനായെന്നാണു പഠന റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും രോഗ ഭീഷണി. കഴിഞ്ഞയാഴ്ച പുടിന്‍ മോസ്‌കോയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ചപ്പോള്‍ അനുഗമിച്ച ഡോ. ഡെന്നീസ് പ്രട്‌സെങ്കോയ്ക്കു രോഗബാധ സ്ഥിരീകരിച്ചു.

ഫിലിപ്പീന്‍സിലും രോഗബാധിതരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം. 538 പേരിലാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. ആകെ രോഗികള്‍ 2,084. ആകെ 88 പേരാണ് ഇവിടെ മരിച്ചത്. കോംഗോ മുന്‍ പ്രസിഡന്റ് യഹോംബേ ഓപാങ്‌ഗോ(81) കോവിഡ്19 ബാധയെ തുടര്‍ന്നു മരിച്ചു. കോവിഡിനെ നേരിടാന്‍ യൂറോപ്യന്‍ ബജറ്റില്‍ കൂടുതല്‍ തുക അനുവദിക്കണമെന്നു സ്‌പെയിന്‍. വിദേശ പൗരന്മാര്‍ക്ക് ഇന്തോനീഷ്യ പ്രവേശനം നിഷേധിച്ചു. ജയിലുകളില്‍നിന്നു കൂടുതല്‍പേരെ മോചിപ്പിക്കാനും തീരുമാനം.

ദക്ഷിണ കൊറിയയില്‍ സ്‌കൂളുകള്‍ തുറക്കും. വിദ്യാര്‍ഥികള്‍ ക്ലാസില്‍ പോകേണ്ടതില്ല. ഓണ്‍ലൈന്‍ വഴിയാകും ക്ലാസുകള്‍. മെക്‌സിക്കോയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റോം രൂപതയുടെ വികാരി ജനറല്‍ കര്‍ദിനാള്‍ ഏന്‍ജലോ ഡി ദോനത്തിസിനു കോവിഡ്19 ബാധ സ്ഥിരീകരിച്ചു. 2018 ലാണ് അദ്ദേഹം കര്‍ദിനാളായത്.

Similar Articles

Comments

Advertismentspot_img

Most Popular